National
മുംബൈ: മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ വരൾച്ചയ്ക്ക് സമാനമായ സാഹചര്യമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. എൽനിനോ പ്രതിഭാസത്തെത്തുടർന്നുള്ള മഴക്കുറവാണ് വരൾച്ചയിലേക്കു നയിക്കുന്നത്.
കൊടും ചൂടിൽ സംസ്ഥാനത്ത് വൻതോതിൽ കൃഷിനാശം സംഭവിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്താൻ മുഖ്യമന്ത്രി നിർദേശം നൽകി.
ഒരാഴ്ചയ്ക്കുള്ളിൽ പ്രാഥമിക അവലോകനം പൂർത്തിയാക്കും. ഇതിനുശേഷം ഔദ്യോഗിക സർവേനടത്തി സാമ്പത്തികസഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വരൾച്ചനേരിടുന്ന മേഖലകളിൽ കുടിവെള്ളവും കാലിത്തീറ്റയും ഉറപ്പാക്കും. കൂടുതൽ സമയം വൈദ്യുതി നൽകാനും തീരുമാനമായിട്ടുണ്ട്.
National
മുംബൈ: അന്തരിച്ച മുൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് ഭാര്യയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാർ. അജിത് പവാറിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ വിഭാഗത്തിലെ നേതാക്കൾ 'അധികാരം ആസ്വദിക്കുകയാണെന്നും' എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നുമുള്ള എൻസിപി (ശരദ് പവാർ വിഭാഗം) നേതാവും എംപിയുമായ സുപ്രിയ സുലെയുടെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അവർ.
അജിത് പവാറിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത അദ്ദേഹത്തിന്റെ കുടുംബത്തോളം മറ്റാർക്കും മനസിലാകില്ലെന്നും അന്വേഷണ ഏജൻസികളിലും നിയമത്തിലും ഭരണഘടനയിലും തങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്നും സുനേത്ര പവാർ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അന്വേഷണ കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഏജൻസികൾക്ക് ആവശ്യമായ സമയം നൽകണമെന്നും മാധ്യമങ്ങളിലൂടെയുള്ള നിരന്തര വിചാരണ നിർത്തിവെക്കണമെന്നും അവർ അഭ്യർഥിച്ചു.
ജനുവരി 28-നാണ് ബാരാമതി വിമാനത്താവളത്തിന് സമീപമുണ്ടായ വിമാനാപകടത്തിൽ അജിത് പവാർ അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടത്.
National
മുംബൈ: ഓട്ടോറിക്ഷ, ടാക്സി, ആപ്പ് അധിഷ്ഠിത കാബ് ഡ്രൈവർമാർക്ക് അടിസ്ഥാന മറാഠി ഭാഷ പഠിക്കുന്നതിനായി ഒരു വർഷത്തെ സാവകാശം നൽകിയതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.
ഡ്രൈവർമാരുടെ സംഘടനകൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം. മുംബൈയിൽ ജോലി ചെയ്യുന്നവർ മറാഠി ഭാഷ അറിഞ്ഞിരിക്കണം എന്ന നിബന്ധനയെ സംഘടനകൾ പിന്തുണച്ചെങ്കിലും, വിവിധ പ്രായത്തിലുള്ളവരും പഠനം നേരത്തെ ഉപേക്ഷിച്ചവരും ആയ ഡ്രൈവർമാർക്ക് പെട്ടെന്ന് ഭാഷ പഠിച്ചെടുക്കുന്നതിലുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാണിക്കുകയായിരുന്നു.
ഇതിനെ തുടർന്ന്, ഡ്രൈവർമാർ ഉന്നയിച്ച ആശങ്കകൾ ന്യായമാണെന്ന് കണ്ട് ഒരു വർഷത്തേക്ക് ഇവർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മഹാരാഷ്ട്രയിൽ വാണിജ്യ വാഹന ഡ്രൈവർമാർക്ക് മറാഠി ഭാഷ നിർബന്ധമാക്കിക്കൊണ്ട് ഓഗസ്റ്റ് മാസത്തിൽ ഗതാഗത വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
ഭാഷ അറിയാത്ത ഡ്രൈവർമാരുടെ ലൈസൻസുകളും പെർമിറ്റുകളും റദ്ദാക്കാൻ വ്യവസ്ഥ ചെയ്യുന്ന ഈ നിയമത്തിനെതിരെ ബോംബെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നിലവിലുണ്ട്. ഇതിനിടയിലാണ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം.
National
മുംബൈ: മഹാരാഷ്ട്രയിൽ മതപരിവർത്തന നിരോധന നിയമം വെള്ളിയാഴ്ച പ്രാബല്യത്തിലാകുന്നതോടെ പ്രാർഥനയ്ക്കെത്തുന്ന വിശ്വാസികളിൽനിന്നു സമ്മതപത്രം വാങ്ങി വിവിധ പള്ളികൾ.
മുംബൈ മെട്രോപോളിറ്റൻ മേഖലയിലെ (എംഎംആർ) ക്രിസ്ത്യൻ പള്ളികളാണ് വിശ്വാസികളിൽനിന്ന് സമ്മതപത്രം വാങ്ങിത്തുടങ്ങിയത്. സമ്മർദത്തിനു വഴങ്ങിയല്ല, സ്വന്തം ഇഷ്ടപ്രകാരമാണു പള്ളികളിലെത്തുന്നതെന്ന് വ്യക്തമാക്കുന്ന സമ്മതപത്രം പൂരിപ്പിക്കണമെന്നാണ് വിശ്വാസികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പൂരിപ്പിച്ച സമ്മതപത്രം പള്ളികളിൽ സൂക്ഷിക്കും. ഗവൺമെന്റ് അധികൃതരോ പോലീസോ ആവശ്യപ്പെട്ടാൽ നൽകാനാണിതെന്ന് വസായിയിലെ പാസ്റ്റർ സാം മത്തായി വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. ‘കഴിഞ്ഞ രണ്ടു മൂന്നു മാസമായി വിശ്വാസികളിൽനിന്നു സമ്മതപത്രം വാങ്ങുന്നുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ മുംബൈ മെട്രോപോളിറ്റൻ മേഖലയിൽ മാത്രം പള്ളികളുടെ നേർക്ക് 11 ആക്രമണമുണ്ടായി. വസായി-വിരാർ, പാൽഘർ, നളാസോപാറ, ഭൈന്ദർ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്.
തീവ്ര ഹിന്ദുത്വവാദികൾ യാതൊരു പ്രകോപനവുമില്ലാതെ പള്ളികളിലെത്തി വിശ്വാസികളെ ആക്രമിക്കുന്നത് പതിവാണ്. ഇതിനൊരു പരിഹാരം കാണാൻ ഞങ്ങൾ ശ്രമിച്ചു. പ്രാർഥനയ്ക്കെത്താൻ ഒരാളെയും ഞങ്ങൾ നിർബന്ധിക്കുന്നില്ല. സ്വന്തം മതവിശ്വാസമനുസരിച്ച് പ്രാർഥിക്കാൻ ഓരോരുത്തർക്കും ഇന്ത്യൻ ഭരണഘടന അനുമതി നൽകുന്നുണ്ട്’- സാം മത്തായി പറഞ്ഞു.
മതപരിവർത്തന നിരോധന നിയമം പാസാക്കിയതോടെ വിശ്വാസികൾ ആശങ്കയിലാണെന്ന് ബോംബെ കത്തോലിക്കാസഭ വക്താവ് ഡോൾഫി ഡിസൂസ പറഞ്ഞു. മുംബൈ മെട്രോപോളിറ്റൻ മേഖലയിൽ 4000ലേറെ പള്ളികളുണ്ട്. മഹാരാഷ്ട്ര ഫ്രീഡം ഓഫ് റിലീജിയൻ ആക്ട്, 2026 എന്നപേരിൽ പാസാക്കിയ മതപരിവർത്തന നിരോധന നിയമം ജൂലൈ 30ന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ ഈമാസം 30ന് പ്രാബല്യത്തിലാകും.
National
ഛത്രപതി സംബാജിനഗർ: ഐഫോൺ ഗഡു അടയ്ക്കുന്നതിനെച്ചൊല്ലിയുള്ള കുടുംബതർക്കത്തിന് പിന്നാലെ മഹാരാഷ്ട്രയിൽ കൗമാരക്കാരനും മാതാപിതാക്കളും കുന്നിൻ മുകളിൽ നിന്ന് വീണ് മരിച്ചു. ഛത്രപതി സംബാജിനഗറിലെ തിസ്ഗാവ് മേഖലയിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. കുനാൽ (18), പിതാവ് മുരളീധർ ചാന്ദ്ഗുഡെ, മാതാവ് സംഗീത എന്നിവരാണ് മരിച്ചത്.
ഐഫോണിന്റെ ഇഎംഐ തുക നൽകുന്നതിനെച്ചൊല്ലി കുനാലും പിതാവും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെ കോപത്തോടെ വീടുവിട്ടിറങ്ങിയ കുനാൽ സമീപത്തെ കുന്നിൻ മുകളിൽ കയറി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി. പോലീസും മാതാപിതാക്കളും നാട്ടുകാരും ചേർന്ന് മൂന്ന് മണിക്കൂറോളം സംസാരിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഒടുവിൽ കുനാലിനെ ബലമായി പിടിച്ചുകൊണ്ടുപോരാൻ പിതാവ് ശ്രമിക്കുന്നതിനിടെ ഇരുവരും നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഭർത്താവും മകനും താഴേക്ക് വീഴുന്നത് കണ്ട മാതാവ് സംഗീതയും തൊട്ടുപിന്നാലെ താഴേക്ക് ചാടുകയായിരുന്നു. മൂവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.
Kerala
കൊച്ചി: തിങ്കളാഴ്ച വൈകുന്നേരം എറണാകുളം വൈറ്റില ജംഗ്ഷനില് നിന്ന് ബംഗളൂരുവിലേക്കുള്ള ബസില് കയറുമ്പോള് രാഷ്ട്രപാല് എന്ന 37കാരന് മുളവുകാട് പോലീസ് സ്റ്റേഷനിലെ പ്രിന്സിപ്പല് എസ്ഐ കെ.എക്സ്. തോമസിന്റെ കാലുകള് തൊട്ടുതൊഴുതു. ബസിനടുത്തേക്ക് നടന്നെങ്കിലും വീണ്ടും തിരിച്ചുവന്നു.
'തോമസ് സര് ശുക്രിയ, ആപ്പ് മേരേ ബഡേ ഭായി ഹൊ. മേ അപ്നെ ജീവന് മേ ആപ്പ് കോ കഭി നഹി ഭൂലേങ്കേ..' നിറമിഴികളോടെ കൈകളില് പിടിച്ച് രാഷ്ട്രപാല് പറഞ്ഞു. ആ നന്ദിപറച്ചിലില് എസ്ഐ തോമസിന്റെയും എഎസ്ഐ സജിമോന്റെയും എസ് സിപിഒ അനിരുദ്ധന്റെയും കണ്ണുകളിലും നനവ് പടര്ന്നു. കാരണം കഴിഞ്ഞ ഒരു മാസത്തോളം അനാഥനെന്നു കരുതി തങ്ങള് ഭക്ഷണം നല്കി സംരക്ഷിച്ച ഒരാളെ നാലു വര്ഷത്തിനു ശേഷം സ്വന്തം കുടുംബത്തിനൊപ്പം പറഞ്ഞുവിടുന്നതിന്റെ ചാരിതാര്ഥ്യം അവര്ക്കെല്ലാമുണ്ടായിരുന്നു.
ചെറിയ മാനസികാസ്വാസ്ഥ്യം മൂലം വര്ഷങ്ങളായി അലഞ്ഞുതിരിഞ്ഞിരുന്ന മഹാരാഷ്ട്ര നാഗ്പുര് സ്വദേശി രാഷ്ട്രപാല് മനോഹര് ചഹാണ്ടെ (37) യാണ് മുളവുകാട് പോലീസിന്റെ ഇടപെടലില് തിങ്കളാഴ്ച കുടുംബാംഗങ്ങള്ക്കൊപ്പം നാട്ടിലേക്ക് മടങ്ങിയത്.
മഹാരാഷ്ട്രയിലെ നാഗ്പൂര് സ്വദേശിയായ രാഷ്ട്രപാല് ജൂലൈ മുതല് മുളവുകാട് പോലീസ് സ്റ്റേഷന് പരിധിയില് അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു. സ്റ്റേഷനില് വച്ചിരിക്കുന്ന വാട്ടര് പ്യൂരിഫയറില് നിന്ന് ഇടയ്ക്കൊക്കെ വെള്ളം കുടിക്കാനെത്തിയിരുന്ന രാഷ്ട്രപാലിന് എസ്ഐ തോമസും, എഎസ്ഐ സജിമോനും, എസ് സിപിഒ അനിരുദ്ധനും ഭക്ഷണം വാങ്ങിനല്കിയിരുന്നു.
അവരുമായി പെട്ടെന്ന് ഇണങ്ങിയ ഇയാള് സംസാരത്തിനിടയിലാണ് അഹമ്മദ്നഗറിലെ വി.കെ. പാട്ടീല് എന്ജിനീയറിംഗ് കോളജില്നിന്ന് എംടെക് നേടിയതും കാമ്പസ് റിക്രൂട്ട്മെന്റിലൂടെ മഹീന്ദ്ര ആന്ഡ് മഹീന്ദ്ര കമ്പനിയില് ഉയര്ന്ന ജോലി രണ്ടു വര്ഷം ചെയ്തതുമൊക്കെ പോലീസുകാരോട് പറഞ്ഞത്.
തുടര്ന്ന് പോലീസ് ഇയാള്ക്ക് മാനസിക ചികിത്സ നല്കി. ഇദ്ദേഹം പറഞ്ഞ വിലാസത്തിന് അടുത്തുള്ള പോലീസ് സ്റ്റേഷനുകളിലേക്കും പഠിച്ച സ്ഥാപനങ്ങളിലേക്കും മുളവുകാട് പോലീസ് ബന്ധപ്പെട്ടു. ഒടുവില് നാഗ്പുരിലുള്ള ബന്ധുക്കളെ ഫോണില് ബന്ധപ്പെട്ടു. തുടര്ന്നാണ് സഹോദരി പ്രിയങ്ക സിദ്ധാര്ഥ് ഭാഷര്കര്, ഇവരുടെഭര്ത്താവ് അമന് സമ്ദ്താരോ രാംതെ, അമ്മയുടെ സഹോദരി രേഖ സിദ്ധാര്ഥ് ഭാഷര്കര് എന്നിവര് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ഓടെ മുളവുകാട് പോലീസ് സ്റ്റേഷനിലെത്തിയത്.
ബന്ധുക്കള് കുട്ടിക്കാലത്തെ ഫോട്ടോകളും മറ്റും കാണിച്ചതോടെ രാഷ്ട്രപാല് ഇവരെ തിരിച്ചറിഞ്ഞു. മൂന്ന് സഹോദരിമാരുടെ മൂത്ത സഹോദരനായ ഇദ്ദേഹം ഇവരുടെ വിവാഹ ശേഷവും, മാതാപിതാക്കളുടെ മരണത്തെ തുടര്ന്നും ജീവിതത്തില് ഒറ്റപ്പെട്ടു. തുടര്ന്നാണ് 2019 മുതല് മാനസികമായ ബുദ്ധിമുട്ടുകള് ഉണ്ടായതും 2022 മുതല് കാണാതായതും. അന്നു മുതല് ബന്ധുക്കള് അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താന് സാധിച്ചില്ല.
ബന്ധുക്കളെ തിരിച്ചറിഞ്ഞ രാഷ്ട്രപാലിനെ പോലീസ് വീണ്ടും മനോരോഗ വിദഗ്ധന്റെ അടുത്തെത്തിച്ചു മെഡിക്കല് പരിശോധന നടത്തി. നിയമനടപടികള് പൂര്ത്തിയാക്കിയ ശേഷം പോലീസ് ജീപ്പില് വൈറ്റില ജംഗ്ഷനില് എത്തിച്ചു. അവിടെ നിന്നാണ് ബന്ധുക്കള്ക്കൊപ്പം രാഷ്ട്രപാല് ബംഗളൂരുവിലേക്ക് പോയത്. ബംഗളൂരുവില് നിന്ന് ഇന്ന് ജന്മനാട്ടിലേക്ക് എത്തും.
National
മുംബൈ: നിരോധിത ഉത്പന്നമായ 'വിമൽ പാൻ മസാല'യുടെ പരോക്ഷ പ്രചാരണത്തിൽ (സറോഗേറ്റ് അഡ്വർടൈസിംഗ്) പങ്കാളികളായെന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
മഹാരാഷ്ട്രയിൽ പൂർണമായി നിരോധിച്ചിട്ടുള്ള പാൻ മസാല ബ്രാൻഡിനെ 'വിമൽ എലായ്ച്ചി' എന്ന പേരിൽ പ്രോത്സാഹിപ്പിച്ചത് തെറ്റിദ്ധരിപ്പിക്കുന്നതും ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമങ്ങളുടെ ലംഘനവുമാണെന്നാണ് വിലയിരുത്തൽ.
15 ദിവസത്തിനുള്ളിൽ ലിഖിത വിശദീകരണം നൽകാനും, പരസ്യവുമായി ബന്ധപ്പെട്ട കരാറുകളും ഉത്പന്ന വിവരങ്ങളും സമർപ്പിക്കാനും എഫ്ഡിഎ നിർദേശിച്ചിട്ടുണ്ട്. വീഴ്ച വരുത്തിയാൽ പത്ത് ലക്ഷം രൂപ വരെ പിഴയുൾപ്പെടെയുള്ള കർശന നിയമനടപടികൾ നേരിടേണ്ടി വരും.
National
മുംബൈ: മഹാരാഷ്ട്രയിലെ പട്ടിക വിഭാഗത്തിനായുള്ള സർക്കാർ, എയ്ഡഡ് ആശ്രമം സ്കൂളിൽ രണ്ടു വർഷത്തിനിടെ പ്രതിദിനം ശരാശരി ഒരു കുട്ടിവീതം മരിക്കുന്നതായി റിപ്പോർട്ട്.
584 കുട്ടികളാണ് രണ്ടു വർഷകാലയളവിൽ മരിച്ചത്. പാന്പുകടി, അരിവാൾ രോഗംപോലുള്ള ഗുരുതര രോഗങ്ങൾ, ആത്മഹത്യ, അപകടങ്ങൾ തുടങ്ങിയവയാണു മരണകാരണമായി പറയുന്നത്.
മഹാരാഷ്ട്രയിൽ 500 സർക്കാർ ആശ്രമം സ്കൂളുകളും 513 എയ്ഡഡ് ആശ്രമം സ്കൂളുകളും പ്രവർത്തിക്കുന്നുണ്ടെന്നാണു കണക്ക്. 2024-2026 കാലയളവിൽ സർക്കാർ ആശ്രമം സ്കൂളുകളിൽ 384 കുട്ടികളും എയ്ഡഡ് മേഖലയിലെ സ്കൂളുകളിൽ 200 കുട്ടികളും മരിച്ചതായി ട്രൈബൽ ഡവലപ്മെന്റ് ഡിപ്പാർട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
സർക്കാർ ആശ്രമം സ്കൂളുകളിൽ 2024-25 കാലയളവിൽ 170 കുട്ടികളും 2025-26 കാലയളവിൽ 214 കുട്ടികളുമാണു മരിച്ചത്. ഇതിൽ 38 വിദ്യാർഥികൾ സ്കൂളിലും 348 പേർ വീട്ടിലുമാണു മരിച്ചത്. എയ്ഡഡ് സ്കൂളുകളിൽ 2024-25ൽ 81 മരണങ്ങളും അടുത്ത വർഷം 119 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതിൽ 30 മരണങ്ങൾ സ്കൂൾ പരിസരത്തും 170 എണ്ണം വീട്ടിൽവച്ചുമാണ് നടന്നത്.
ധനോരയിലെ ജപ്താലായ് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ആശ്രമം സ്കൂൾ ഹോസ്റ്റലിൽ കഴിഞ്ഞ ഒമ്പതിന് അർധരാത്രി പാമ്പുകടിയേറ്റ് മൂന്ന് ആദിവാസി പെൺകുട്ടികൾ മരിച്ചിരുന്നു. നിരവധി പേർ ആശുപത്രിയിലാകുകയും ചെയ്തു. സംഭവം വിവാദമായതോടെ സ്കൂളിന്റെ ലൈസൻസ് സർക്കാർ റദ്ദാക്കി.
ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ അശ്രദ്ധയും അഴിമതിയുമാണു ഗഡ്ചിരോളിയിലെ റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ ആദിവാസി പെൺകുട്ടികളുടെ മരണത്തിനിടയാക്കിയതെന്നു പ്രതിപക്ഷമായ കോൺഗ്രസ് ആരോപിച്ചു.
Viral
മദ്യലഹരിയിൽ കാക്കയുടെ തൂവലുകൾ പിഴുതെടുത്ത് സൈക്കിൾ കാരിയറിൽ കെട്ടിയിട്ട് കൊണ്ടുപോയയാളെ മൃഗസ്നേഹികൾ തടഞ്ഞു. പക്ഷിക്ക് ക്രൂരമായ പീഡനമേൽപ്പിച്ച ശേഷം അതിനെ പാകം ചെയ്ത് തിന്നാനായിരുന്നു ഇയാളുടെ നീക്കം. ഇൻസ്റ്റാഗ്രാമിലെ ഒരു മൃഗസംരക്ഷണ പേജിലൂടെ പ്രചരിച്ച വീഡിയോയിലൂടെയാണ് ഈ ദാരുണ സംഭവം പുറംലോകമറിഞ്ഞത്.
നടക്കാൻ പോലും ബുദ്ധിമുട്ടുന്നത്ര കടുത്ത മദ്യപാനത്തിലായിരുന്ന ഇയാൾ വഴിയിലൂടെ സൈക്കിളിൽ പോകുമ്പോഴാണ് വഴിപോക്കരുടെ ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കാക്കയെ തിന്നാനായി കൊണ്ടുപോകുകയാണെന്ന് ഇയാൾ യാതൊരു കൂസലുമില്ലാതെ വെളിപ്പെടുത്തിയത്. ഇതോടെ മൃഗസ്നേഹികൾ ഇടപെട്ട് കാക്കയെ രക്ഷപ്പെടുത്തുകയായിരുന്നു.
പോലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞതോടെ പ്രകോപിതനായ ഇയാൾ അസഭ്യം പറയുകയും കാക്കയെ തിരികെ പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ മൃഗസ്നേഹികളുടെ ശക്തമായ പ്രതിരോധത്തെ തുടർന്ന് ഇയാൾക്ക് സംഭവസ്ഥലത്തുനിന്ന് മടങ്ങേണ്ടിവന്നു.
നിലവിൽ മൃഗസംരക്ഷകരുടെ സംരക്ഷണയിലുള്ള കാക്ക, ആരോഗ്യം വീണ്ടെടുത്ത ശേഷം വനമേഖലയിലേക്ക് പറത്തിവിടും. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാർത്തയെങ്കിലും, സംഭവത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ലഭ്യമായിട്ടില്ല.
Kerala
പാലക്കാട്: പാലക്കാട് വേലന്താവളത്ത് കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ. വേലന്താവളം ചെക്ക്പോസ്റ്റിലാണ് സംഭവം. ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അതിനുള്ളിലാണ് പണം കടത്താൻ ശ്രമിച്ചത്.
കോയമ്പത്തൂരിൽ നിന്ന് പട്ടാമ്പിയിലേക്ക് തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിൽ യാത്ര ചെയ്യുകയായിരുന്നു പ്രതി. എക്സൈസ് സംഘം ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
National
മുംബൈ: മഹാരാഷ്ട്രയിൽ റോഡ് അപകടത്തിൽ പരിക്കേറ്റ 19കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പാൽഘറിലെ തൽസാരിയിലാണ് സംഭവം. ബൈക്കിൽ നിന്ന് വീണ യുവതിയെ സഹായിക്കാനെത്തിയവരാണ് പീഡിപ്പിച്ചത്.
സുഹൃത്തിനൊപ്പം ഗുജറാത്തിൽ നിന്ന് മടങ്ങിവരുമ്പോഴായിരുന്നു അപകടം. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പേർ ഒളിവിലെന്ന് പോലീസ് അറിയിച്ചു.
Viral
പുനെയിലെ ഹഡപ്സറിലുള്ള സസാനെ നഗറിൽ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമയ്ക്ക് നേരെ യുവതി ചെരുപ്പും കല്ലുകളും എറിഞ്ഞ സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതിമയ്ക്ക് ചുറ്റും ഗ്ലാസ് ഉപയോഗിച്ചുള്ള സംരക്ഷണ കവചം ഉണ്ടായതിനാൽ അക്രമത്തിൽ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രദേശവാസികൾ യുവതിയെ തടഞ്ഞുവെക്കുകയും തുടർന്ന് പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.
യുവതിയെ നാട്ടുകാർ ചോദ്യം ചെയ്യുന്നതിനിടെ മുഖത്ത് മഷി ഒഴിക്കുകയും മർദ്ദിക്കുകയും ചെയ്ത വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണവും നിയമനടപടിയും സ്വീകരിക്കുമെന്ന് പുനെ പോലീസ് വ്യക്തമാക്കി.
മഹാരാഷ്ട്രയുടെ വീരനായകനും ആത്മാഭിമാനത്തിന്റെ പ്രതീകവുമായ ശിവാജി മഹാരാജിന്റെ പ്രതിമയോട് കാണിച്ച ആദരവില്ലായ്മയ്ക്കെതിരെ കടുത്ത അമർഷം ഉയരുമ്പോഴും, നിയമം കൈയിലെടുത്ത് യുവതിയെ മർദ്ദിച്ച നാട്ടുകാരുടെ നടപടിയെയും ഒരുവിഭാഗം ആളുകൾ വിമർശിക്കുന്നുണ്ട്.
അക്രമത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
National
മുംബൈ: സിഗരറ്റ് വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവാവ് രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മുംബ്രയിൽ നടന്ന സംഭവത്തിൽ ജിബ്രാൻ ഇമ്രാൻ ഖാൻ, നിസാർ കാസി എന്നിവർക്കാണ് കുത്തേറ്റത്. സംഭവത്തിൽ ഫർദാം ഇബ്രാഹിം മൻസൂരിക്കെതിരെ (28) പോലീസ് കേസെടുത്തു.
സിഗരറ്റ് വാങ്ങുന്നതിനായി പ്രതി ജിബ്രാൻ ഇമ്രാൻ ഖാനോട് 50 രൂപ ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാൻ ജിബ്രാൻ വിസമ്മതിച്ചതോടെ പ്രതി ഇയാളെയും ഒപ്പമുണ്ടായിരുന്ന നിസാർ കാസിയെയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സതേടി.
ആക്രമണത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
National
മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ ഹോസ്റ്റലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാർഥിനികൾക്ക് പാമ്പുകടിയേറ്റു. തിങ്കളാഴ്ച പുലർച്ചെ ഗഡ്ചിരോളി ജില്ലയിലെ ജപ്തലായ് ഗ്രാമത്തിലുള്ള റെസിഡൻഷ്യൽ സ്കൂളിലുണ്ടായ സംഭവത്തിൽ മൂന്നു വിദ്യാർഥിനികൾ മരിച്ചെന്നും ഒരാളുടെ നില ഗുരുതരമാണെന്നും അധികൃതർ പറഞ്ഞു.
ഹോസ്റ്റലിൽ നിലത്തുകിടന്ന് ഉറങ്ങുകയായിരുന്ന വിദ്യാർഥിനികൾക്കാണ് പാമ്പുകടിയേറ്റത്. എട്ട്, പന്ത്രണ്ട്, പതിനാല് വയസ് പ്രായമുള്ള വിദ്യാർഥിനികളാണ് മരിച്ചതെന്നും ആറ് വിദ്യാർഥികൾക്കാണ് പാമ്പുകടിയേറ്റതെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
സംഭവമുണ്ടായ ഉടൻ തന്നെ ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും സഹായത്തോടെ വിദ്യാർഥികളെ എയർലിഫ്റ്റ് ചെയ്ത് നാഗ്പൂരിലെ ജി.എം.സി. ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ സ്കൂൾ മാനേജ്മെന്റിനും അധികൃതർക്കുമെതിരെ വിദ്യാർഥിനികളുടെ മാതാപിതാക്കളും നാട്ടുകാരും രംഗത്തെത്തി.
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സ്കൂൾ അധികൃതർ വലിയ വീഴ്ച വരുത്തിയെന്നും സംഭവത്തിനുശേഷമുള്ള ക്രമീകരണങ്ങൾ തൃപ്തികരമല്ലെന്നും നാട്ടുകാർ ആരോപിച്ചു. അതേസമയം സംഭവത്തിൽ ജില്ലാ കളക്ടർ അവിഷ്യന്ത് പാണ്ഡെ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
National
താനെ: മഹാരാഷ്ട്രയിലെ ഭീവണ്ടി പട്ടണത്തിൽ നാലുനില പാർപ്പിടസമുച്ചയം തകർന്നുവീണ് 10 പേർ മരിച്ചു. മൂന്നു പേർക്കു പരിക്കേറ്റു.
ബാലാജി നഗർ മേഖലയിലെ കോഹിനൂർ ബിൽഡിംഗ് ആണ് വ്യാഴാഴ്ച രാത്രി 11.20നു തകർന്നുവീണത്. 19 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം ഇന്നലെ രാത്രി ഏഴിനാണ് അവസാനിച്ചത്.
അപകടനിലയിലുള്ളതെന്ന് 2020ൽ തദ്ദേശ സ്ഥാപനം പ്രഖ്യാപിച്ച കെട്ടിടമാണ് തകർന്നുവീണത്.
Viral
ദൈവത്തോടും മാപ്പപേക്ഷിച്ച് നടത്തിയ ഒരു വിചിത്രമായ മോഷണ വാർത്തയാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്ന് പുറത്തുവരുന്നത്. ലക്കഡ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ മാൽധക്കയിലുള്ള ശീതളാ മാതാ ക്ഷേത്രത്തിലും സമീപത്തെ ശിവക്ഷേത്രത്തിലുമാണ് ഭക്തരെയും പോലീസിനെയും ഒരുപോലെ അമ്പരപ്പിച്ച സംഭവം അരങ്ങേറിയത്.
ജൂലൈ 27-ന് വൈകുന്നേരം ക്ഷേത്രത്തിലെ ജീവനക്കാർ പതിവുപോലെ പൂട്ടി മടങ്ങിയിരുന്നുവെങ്കിലും പിറ്റേന്ന് രാവിലെ എത്തിയപ്പോഴാണ് പ്രധാന കവാടത്തിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് അകത്തു കയറി പരിശോധിച്ചപ്പോഴാണ് ഇരു ക്ഷേത്രങ്ങളിലെയും കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം കവർന്നതായി കണ്ടെത്തിയത്.
ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണത്തിന്റെ അസാധാരണമായ പശ്ചാത്തലം പുറത്തുവന്നത്. അർദ്ധരാത്രിയിൽ ക്ഷേത്രത്തിൽ കടന്നുകൂടിയ രണ്ട് മോഷണ സംഘത്തിൽ ഒരാൾ കവർച്ചയ്ക്ക് തൊട്ടുമുമ്പ് ദേവതയ്ക്ക് മുന്നിൽ തൊഴുതു നിൽക്കുന്നതും സ്വന്തം ചെവിയിൽ പിടിച്ച് മാപ്പപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ദൈവത്തോട് മാപ്പ് ചോദിച്ച ശേഷമാണ് ഇരുവരും ചേർന്ന് കാണിക്കവഞ്ചി തകർത്ത് പണവുമായി കടന്നുകളഞ്ഞത്.
കുറ്റം ചെയ്യുന്നതിന് തൊട്ടുമുമ്പ് പ്രതികൾ കാട്ടിയ ഈ ഭക്തി മര്യാദ നിലവിൽ പ്രദേശവാസികൾക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിട്ടുണ്ട്. സംഭവത്തിൽ ക്ഷേത്ര ഭാരവാഹികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലക്കഡ്ഗഞ്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും മറ്റ് സാങ്കേതിക തെളിവുകളും വിശകലനം ചെയ്ത് പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
Kerala
കൊച്ചി: ആലുവ കരുമാലൂരിൽ നിന്ന് കാണാതായ 12 വയസുകാരിയെ മഹാരാഷ്ട്രയിലെ പുനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. കുട്ടിയോടൊപ്പം ഉണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ 25കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് കുട്ടിയെ കാണാതായത്.
കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പുസ്തകം വാങ്ങിവരാമെന്ന് പറഞ്ഞ് പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പോകുമ്പോൾ കുട്ടിയുടെ കൈയിൽ അമ്മയുടെ മൊബൈൽ ഫോൺ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാസർഗോഡ് ഭാഗത്താണ് അവസാനമായി ടവർ ലൊക്കേഷൻ ലഭിച്ചത്.
തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിർണായകമായ വിവരം ലഭിച്ചത്. യുവാവിന്റെ സുഹൃത്തിന്റെ ഫോണിൽ നിന്ന് സന്ദേശങ്ങൾ അയച്ച് ഫോൺ ഓൺ ചെയ്യിപ്പിച്ചാണ് ലൊക്കേഷൻ കണ്ടെത്തിയത്. ധാരാവി പോലുള്ള തിരക്കേറിയ പ്രദേശങ്ങളിലൂടെ യുവാവ് സഞ്ചരിച്ചിരുന്നതിനാൽ കൃത്യമായ സ്ഥലം കണ്ടെത്തുന്നത് വെല്ലുവിളിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നിസാമുദ്ദീൻ എക്സ്പ്രസിൽ ഇവർ പുനെയിലേക്ക് എത്തുന്നുവെന്ന വിവരത്തെ തുടർന്ന് പോലീസ് സംഘം സ്റ്റേഷനിൽ കാത്തുനിന്നു. വൈകുന്നേരം നാലിന് ട്രെയിൻ എത്തിയപ്പോൾ കോച്ചുകളിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്. സംഭവത്തിൽ തുടർ നിയമനടപടികൾ പുരോഗമിക്കുകയാണ്.
Kerala
അഹില്യാനഗർ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി സമരത്തിന് പിന്തുണയുമായി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ മൗന സമരം നടത്തി. മഹാരാഷ്ട്രയിലെ അഹില്യാനഗറിലാണ് രണ്ടു മണിക്കൂർ നീണ്ടുനിന്ന സമരം സംഘടിപ്പിച്ചത്.
അഹില്യാനഗറിലുള്ള മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു മൗന സമരം. പ്രതിഷേധത്തിന് മുന്നോടിയായി അദ്ദേഹം ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഡൽഹിയിൽ നടക്കുന്ന അക്രമങ്ങളുടെയും പോലീസ് നടപടികളുടെയും വാർത്തകൾ വേദനാജനകമാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
പ്രതിഷേധക്കാരുടെ അമർഷത്തെ ക്രമസമാധാന പ്രശ്നമായി കാണാതെ, അത് സമൂഹത്തിന്റെ വേദനയും പ്രതീക്ഷയുമായി കാണണമെന്ന് ഹസാരെ കത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാൻ ആവശ്യപ്പെട്ടാൽ സർക്കാരിന് വീഴ്ചയൊന്നും സംഭവിക്കില്ലെന്നും ഹസാരെ കത്തിൽ പരാമർശിച്ചു.
പരാതികൾ ക്ഷമയോടെ കേൾക്കാനും പരസ്പര വിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് അനുകൂലമായ ചർച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരം കാണാനും കേന്ദ്രസർക്കാരിനോട് അദ്ദേഹം അഭ്യർഥിച്ചു. പ്രതിഷേധത്തിന് ശേഷം അദ്ദേഹം തന്റെ ഗ്രാമമായ റാലേഗൻ സിദ്ധിയിലേക്ക് മടങ്ങി.
National
മുംബൈ: മക്കളുടെ മുന്നിലിട്ട് ഭാര്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കാറിലിട്ട് നഗരം ചുറ്റിയ യുവാവ് പോലീസിൽ കീഴടങ്ങി. മഹാരാഷ്ട്രയിലെ വാഷിമിൽ നടന്ന സംഭവത്തിൽ ഹസീൻ ബാനോയാണ് കൊല്ലപ്പെട്ടത്.
കേസിൽ ഇവരുടെ ഭർത്താവും ഉത്തർപ്രദേശ് സ്വദേശിയുമായ സൽമാൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നിയതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ഭാര്യയും മൂന്ന് കുട്ടികളുമൊത്ത് കാറിൽ യാത്ര ചെയ്യുന്നതിനിടയിലാണ് പ്രതി കൊലനടത്തിയത്. യാത്രയ്ക്കിടയിലുണ്ടായ തർക്കത്തിനൊടുവിൽ ഇയാൾ ഇരുമ്പ് വടി ഉപയോഗിച്ച് ഭാര്യയെ അടിക്കുകയും പിന്നീട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹം കാറിൽ തന്നെ കിടത്തി ഇയാൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുറ്റിയടിച്ചു. തുടർന്നാണ് രാവിലെ സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
National
ഛത്രപതി സംഭാജി നഗർ: മഹാരാഷ്ട്രയിലെ നാന്ദെഡ്, ഹിംഗോളി, പർഭനി ജില്ലകളിലുണ്ടായ ഭൂചലനത്തിൽ വീടുകൾക്ക് കേടുപാടുണ്ടായി.
രണ്ടു മണിക്കൂറിനിടെ നാലു ഭൂചലനമാണ് ഇന്നലെ പുലർച്ചെ 1.37നും 3.23നും ഇടയിൽ അനുഭവപ്പെട്ടത്.
ഹിംഗോളി ജില്ലയിലെ ഷിർലി ഗ്രാമമാണ് റിക്ടർ സ്കെയിലിൽ 3.6നും 4.6നും ഇടയിൽ അനുഭവപ്പെട്ട ഭൂചലന പ്രഭവകേന്ദ്രം.
Viral
നാന്ദേഡ്-ലാത്തൂർ ദേശീയപാതയിൽ നിർമ്മാണത്തിലിരുന്ന ഫ്ലൈഓവറിന്റെ ഒരു ഭാഗം തകർന്നു വീണുണ്ടായ അപകടത്തിൽ നിന്നും യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
വിഷ്ണുപുരിയിലെ ശ്രീ ഗുരു ഗോവിന്ദ് സിംഗ്ജി എഞ്ചിനീയറിംഗ് കോളേജിന് സമീപം വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. തിരക്കേറിയ സമയത്തുണ്ടായ ഈ അപകടം വലിയ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും ആർക്കും പരിക്കേൽക്കാത്തത് ആശ്വാസമായി.
പ്രമുഖ മെഡിക്കൽ കോളേജും സർവ്വകലാശാലയും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന വിഷ്ണുപുരിയിൽ ദിവസേന ആയിരക്കണക്കിന് വിദ്യാർഥികളും രോഗികളുമാണ് യാത്ര ചെയ്യുന്നത് എന്നതിനാൽ ഈ സംഭവം ജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
ഹൈവേ വികസന ജോലികൾ പുരോഗമിക്കുന്നതിനിടെയുണ്ടായ ഈ തകർച്ച നിർമ്മാണത്തിന്റെ ഗുണനിലവാരത്തെയും സുരക്ഷാ പരിശോധനകളെയും ചോദ്യം ചെയ്യുന്നതാണ്.
സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും, പാലത്തിന്റെ ബാക്കി ഭാഗങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ അടിയന്തര പരിശോധന നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
National
മുംബൈ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്ന് മഹാരാഷ്ട്രയിൽ വൻനാശനഷ്ടം. മുംബൈ, പാൽഘർ, റായ്ഗഡ് എന്നീ ജില്ലകളിലിൽ കഴിഞ്ഞ നാല് ദിവസങ്ങളിലായി 13 പേർ മരിച്ചതായി ദുരന്തനിവാരണ മന്ത്രി ഗിരീഷ് മഹാജൻ അറിയിച്ചു. മുംബൈയില് പരമാവധി ജീവനക്കാരോട് വര്ക് ഫ്രം ഹോം എടുക്കാന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്ദേശം നല്കി. അവശ്യവിഭാഗത്തില് അല്ലാത്ത സര്ക്കാര് ഓഫീസുകള് ഉച്ചയ്ക്ക് അടയ്ക്കും. മുംബൈയിൽ തിങ്കളാഴ്ച മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു.
മുംബൈയിലെ വിവിധ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ശക്തമായ കാറ്റിനെ തുടർന്ന് പലയിടങ്ങളിലും മരങ്ങൾ കടപുഴകി. കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈയിൽ 350 മരങ്ങൾ നിലംപതിച്ചു. മുംബൈ, താനെ, റായ്ഗഡ്, സമീപ ജില്ലകൾ എന്നിവിടങ്ങളിൽ അതിശക്തമായ മഴ ലഭിച്ചേക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മുംബൈയിൽ ഓറഞ്ച് അലർട്ടും പൂനയിൽ റെഡ് അലേർട്ടും തുടരുകയാണ്.
റോഡ്, റെയില്, വ്യോമ, ഫെറി സര്വീസുകളെ കനത്ത മഴ ബാധിച്ചു. മുംബൈയ്ക്കും പൂനയ്ക്കും ഇടയിൽ റെയിൽ ഗതാഗതം തടസപ്പെട്ടു. അതിശക്തമായ മഴയെ തുടർന്ന് 16 ഓളം ട്രെയിനുകൾ റദ്ദാക്കുകയും ഒൻപത് ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു.
National
മുംബൈ: മുംബൈയിൽ ശക്തമായ മഴയിൽ കെട്ടിടം തകർന്നുവീണ് അഞ്ച് കുട്ടികളടക്കം ആറ് പേർ മരിച്ചു. മാൻഖുർദ് പ്രദേശത്ത് ആണ് സംഭവം. മാൻഖുർദിലെ ജനതാ നഗറിലുള്ള മൂന്ന് നില വാടക കെട്ടിടമാണ് കനത്ത മഴയെ തുടർന്ന് തകർന്നുവീണത്.
ഞായറാഴ്ച രാത്രി 8.30ഓടെ ആയിരുന്നു സംഭവം. കനത്ത മഴയിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒരാൾ നിലവിൽ ചികിത്സയിലാണ്. കൂടുതൽ പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനം.
ഇതേതുടർന്ന് അഗ്നിശമനസേനയും പോലീസും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. മുംബൈയിൽ പലയിടങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വിമാന സർവീസുകളും റോഡ് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ അധ്യാപക യോഗ്യത പരീക്ഷ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസിൽ മൂന്നുപേർ കൂടി പിടിയിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
ആഗ്രയിലെ പ്രിന്റിംഗ് പ്രസ് ജീവനക്കാരനായ നരേഷ് കുമാർ മഹോർ, സഞ്ജയ് കുമാർ ശർമ, ബാബുലാൽ കുശ്വാഹ എന്നിവരെയാണു പ്രത്യേക അന്വേഷണസംഘം ഉത്തർപ്രദേശിൽ നിന്ന് അറസ്റ്റുചെയ്തത്.
ടിഇടി പരീക്ഷയ്ക്ക് തൊട്ടുതലേ ദിവസം പോലീസ് നടത്തിയ രഹസ്യനീക്കത്തിലൂടെയാണ് ഈ റാക്കറ്റിനെ പിടികൂടിയത്.
National
മുംബൈ: ഫോണിൽ സംസാരിച്ച് നടക്കുന്നതിനിടെ മാൻഹോളിലേക്ക് വീണ 55കാരന് ദാരുണാന്ത്യം. മുംബൈയിലെ ഖൈറാനി റോഡിൽ ആണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ ആയിരുന്നു സംഭവം. അസ്ലം ഇസാഫ് ഷെയ്ഖ് ആണ് മരിച്ചത്.
അറ്റകുറ്റപ്പണികളെ തുടർന്ന് മാൻഹോളിന്റെ മൂടി തുറന്ന നിലയിലായിരുന്നു. ഈ സമയം ഇതുവഴി നടന്നുപോയ അസ്ലം ഇസാഫ് അബദ്ധത്തിൽ മാൻഹോളിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ തൊഴിലാളികൾ ഏണിവച്ച് മാൻഹോളിലേക്ക് ഇറങ്ങിയെങ്കിലും അസ്ലമിനെ കണ്ടെത്താനായില്ല.
പിന്നാലെ മുംബൈ ഫയർ ബ്രിഗേഡും പോലീസും രണ്ട് മണിക്കൂറോളം സംയുക്തമായി നടത്തിയ തെരച്ചിലിലാണ് അസ്ലമിനെ കണ്ടെത്തിയത്. ഉടൻതന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റുമായി (ടിസി) ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി സ്കൂളിനുള്ളിൽ വച്ച് അധ്യാപകനെ കുത്തിപ്പരിക്കേൽപ്പിച്ചു. കന്റോൺമെന്റ് മേഖലയിലെ 'ലിറ്റിൽ ഫ്ലവർ സ്കൂളി'ലാണ് ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. നെഞ്ചിന് പരിക്കേറ്റ അധ്യാപകനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പലിന്റെ ക്യാബിനിൽ വെച്ചുണ്ടായ ചർച്ചയ്ക്കിടയിലാണ് ആക്രമണം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിദ്യാർത്ഥിയും അധ്യാപകനും പ്രിൻസിപ്പലും തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതനായ വിദ്യാർത്ഥി അധ്യാപകനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് മൂവരും എഴുന്നേൽക്കുന്നതിനിടെ വിദ്യാർത്ഥി കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് അധ്യാപകന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. ഭയന്നുപോയ അധ്യാപകൻ പിന്നോട്ട് മാറിയതോടെ ക്യാബിനിൽ വലിയ പരിഭ്രാന്തി പരന്നു. ബഹളം കേട്ട് ഓടിയെത്തിയ മറ്റ് സ്കൂൾ ജീവനക്കാർ ചേർന്നാണ് അക്രമിയായ വിദ്യാർത്ഥിയെ പിടിച്ചുമാറ്റിയത്.
സ്കൂളിൽ നിന്ന് ടിസി വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഈ വിദ്യാർത്ഥി മുൻപും ഇതേ ക്ലാസ് അധ്യാപകനുമായി സ്കൂളിൽ വെച്ച് വഴക്കിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ആക്രമണത്തിനായി ഉപയോഗിച്ച കത്തി വിദ്യാർത്ഥി ഓൺലൈൻ വഴിയാണ് ഓർഡർ ചെയ്ത് വരുത്തിയതെന്നും പോലീസ് കണ്ടെത്തി. സംഭവത്തിന് പിന്നാലെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
National
താനെ: മഹാരാഷ്ട്രയിൽ ഇന്ന് നടക്കാനിരുന്ന അധ്യാപക യോഗ്യതാ പരീക്ഷ മാറ്റിവച്ചു. ചോദ്യപേപ്പര് ചോര്ന്നതിനെത്തുടര്ന്ന് അടിയന്തരമായി പരീക്ഷ നീട്ടിവയ്ക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട ഭീവാണ്ഡിയില് നിന്ന് മൂന്നുപേരെ പോലീസ് അറസ്റ്റ്ചെയ്തു. സംസ്ഥാനത്തിനു പുറത്തേക്കും ബന്ധമുള്ള സംഘം അട്ടിമറിക്കു പിന്നിലുണ്ടെന്നാണ് സംശയം.
സംസ്ഥാനത്തെ 1728 കേന്ദ്രങ്ങളിലായി ആറു ലക്ഷത്തിലേറെ ഉദ്യോഗാര്ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റര് ചെയ്തിരുന്നത്.
National
മുംബൈ: സ്ത്രീകൾ മദ്യപിക്കുന്നതും അടിപിടിയുണ്ടാക്കുന്നതുമെല്ലാം പുതിയ സംഭവമല്ല. ഇത്തരത്തിലുള്ള നിരവധി വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ കഴിഞ്ഞദിവസം മുംബൈയിൽ നടന്ന സംഭവം, ഒരു വല്ലാത്ത സംഭവമായിപ്പോയി!
കല്യാണിലുള്ള ബാറിലാണു സംഭവം. ആളുകൾ ഭക്ഷണം കഴിക്കുന്ന റസ്റ്ററന്റിലിരുന്ന് യുവതി മൂത്രമൊഴിക്കുകയായിരുന്നു. തീൻമേശയ്ക്കടിയിലാണ് യുവതി മൂത്രമൊഴിച്ചത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയാണ് ദൃശ്യങ്ങൾ പകർത്തിയത്. മറ്റുള്ളവർ ഇവിടെയിരുന്ന് ഭക്ഷണം കഴിക്കുകയാണെന്നും തൊട്ടടുത്തു ശുചിമുറിയുണ്ടെന്നും ദൃശ്യങ്ങൾ ചിത്രീകരിച്ച സ്ത്രീ വിളിച്ചുപറയുന്നുണ്ടെങ്കിലും, മദ്യലഹരിയിൽ അതൊന്നും വകവയ്ക്കാതെ പരസ്യമായി മൂത്രമൊഴിക്കുകയായിരുന്നു.
യുവതിയുടെ പ്രവൃത്തി ശ്രദ്ധയിൽപ്പെട്ടതോടെ ഹോട്ടൽ മാനേജരും മറ്റുള്ളവരും ഇടപെട്ടു. ഇവരോടു കയർത്ത യുവതി ജീവനക്കാരെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊതുസ്ഥലത്ത് ഇത്തരമൊരു മോശം പ്രവൃത്തി ചെയ്തിട്ടും മാപ്പ് പറയാൻപോലും യുവതി തയാറായില്ല. ഒടുവിൽ സ്ത്രീ പുറത്തേക്കിറങ്ങുന്നതും ജീവനക്കാരെ ചീത്തവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വീഡിയോ സോഷ്യൽ മീഡിയകളിൽ തരംഗമായതോടെ, വലിയ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. പൊതുജനാരോഗ്യത്തിനും സംസ്കാരത്തിനും വിരുദ്ധമായ ഇത്തരം പ്രവൃത്തികൾക്കെതിരേ പലരും രൂക്ഷമായി പ്രതികരിച്ചു. എന്നാൽ, യുവതി ചെയ്തത് തെറ്റാണെങ്കിലും അവരുടെ വീഡിയോ ഇത്തരത്തിൽ പരസ്യമാക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മാനസികപീഡനത്തിനു കാരണമാകുമെന്നും ചൂണ്ടിക്കാട്ടി ചിലർ രംഗത്തെത്തിയിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്ര എംഎൽസി തെരഞ്ഞെടുപ്പിൽ ബിജെപി വിമതനു വിജയം. നാസിക് ജില്ലയിലാണ് ബിജെപിയിലെ ഗോകുൽ ഗിതെ വിജയിച്ചത്.
ശിവസേന (ഷിൻഡെ)യിലെ നരേന്ദ്രേ ദരാദെയാണ് പരാജയപ്പെട്ടത്. നാന്ദെഡ്, ഔറംഗാബാദ്-ജൽന, ഉസ്മാനാബാദ്-ലാത്തൂർ-ബീഡ്, നാഗ്പുർ, അമരാവതി സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ വിജയിച്ചു.
17 സീറ്റുകളിലാണ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരുന്നത്.
National
മുംബൈ: മഹാരാഷ്ട്രയിലെ പര്ഭാനിയില് ക്ഷേത്രത്തിന്റെ മേല്ക്കൂര തകര്ന്നുവീണ് അഞ്ചുപേർ മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ പര്ഭാനിയിലെ യഷ്വാദി ഹനുമാന് ക്ഷേത്രത്തിലുണ്ടായ അപകടത്തിൽ 18 പേർക്കു പരിക്കേറ്റു.
ക്ഷേത്രത്തിന്റെ സഭാ മണ്ഡപത്തിലെ നിർമ്മാണത്തിലിരുന്ന മേല്ക്കൂരയാണ് തകര്ന്നതെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇതില് ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിന്റെ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് അഞ്ചുലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്കു വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ അധികൃതർക്കു മുഖ്യമന്ത്രി നിർദേശം നൽകുകയും ചെയ്തു.
National
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും വൻ അട്ടിമറി സൂചനകൾ നൽകിക്കൊണ്ട് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) വിഭാഗത്തിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതായി റിപ്പോർട്ട്. പാർട്ടിയിലെ ഒരു വിഭാഗം എംപിമാർ മുൻ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ പക്ഷത്തേക്ക് ചേക്കേറാൻ ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾക്കിടെ, നിരവധി ഉദ്ധവ് പക്ഷ എംപിമാരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവരുമായി ബന്ധപ്പെടാൻ പാർട്ടി നേതൃത്വത്തിന് നിലവിൽ സാധിക്കുന്നില്ല.
മഹാരാഷ്ട്ര രാഷ്ട്രീയ വൃത്തങ്ങളിൽ 'ഓപ്പറേഷൻ ടൈഗർ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ നീക്കത്തിലൂടെ ഉദ്ധവ് പക്ഷത്തെ ഏഴോളം എംപിമാരും ഏതാനും എംഎൽഎമാരും ഷിൻഡെ പക്ഷവുമായി അവസാനവട്ട ചർച്ചകൾ പൂർത്തിയാക്കിയെന്നാണ് സൂചന. വരാനിരിക്കുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി ഇവർ ഭരണപക്ഷത്തിനൊപ്പം ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതിനിടെ, ഒരു പാർലമെന്ററി സമിതി യോഗത്തിൽ പങ്കെടുക്കാനായി ചില പ്രധാന എംപിമാർ ഡൽഹിയിലേക്ക് തിരിച്ചിട്ടുള്ളതിനാൽ മഹാരാഷ്ട്രയിലെ രാഷ്ട്രീയ ശ്രദ്ധ ഇപ്പോൾ പൂർണമായും ഡൽഹിയിലേക്ക് മാറിയിരിക്കുകയാണ്. എന്നാൽ വിമത നീക്കങ്ങളെക്കുറിച്ചുള്ള വാർത്തകൾ ഉദ്ധവ് താക്കറെ പക്ഷം നിഷേധിക്കുകയും തങ്ങളുടെ എംപിമാർ ഒപ്പമുണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്നുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിൽ തീർഥാടകരുമായി ബോയ ബോട്ട് നദിയിൽ മറിഞ്ഞ് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ബീഡ് ജില്ലയിലെ പുരുഷോത്തംപുരിയിലാണ് സംഭവം. 35 തീർഥാടകരാണ് ബോട്ടിലുണ്ടായിരുന്നത്.
ശക്തമായ ഒഴുക്കിൽപ്പെട്ട ബോട്ട് നിമിഷങ്ങൾക്കുള്ളിൽ മുങ്ങുകയായിരുന്നു. പ്രമീള റാത്തോഡ് എന്ന സ്ത്രീയാണ് മരിച്ചത്. പരിക്കേറ്റ വാഷിമിലെ മഹാഗാവ് നിവാസിയായ സിന്ധുഭായ് മാവലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അനുവദനീയമായതിലും ആളുകൾ ബോട്ടിൽ കയറിയെന്നും ഇതേതുടർന്ന് ബോട്ടിന്റെ ബാലൻസ് നഷ്ടമായതാണ് അപകടകാരണമെന്നും ദൃസാക്ഷികൾ പറഞ്ഞു. നാട്ടുകാരും പോലീസുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Kerala
ചങ്ങനാശേരി: കഴിഞ്ഞ നാല് പതിറ്റാണ്ടായി മഹാരാഷ്ട്രയിലെ പിന്നാക്ക മേഖലകളില് സ്തുത്യര്ഹമായ സേവനമനുഷ്ഠിച്ച ഫാദര് ബാബാ എന്ന് നാട്ടുകാര് വിളിക്കുന്ന ഫാ. ജോര്ജ് കാവുകാട്ടിന് മാനവത ഫൗണ്ടേഷന് സന്ത് ഗാഡ്കേ ബാബാ പുരസ്കാരം നല്കി ആദരിക്കുന്നു.
പതിതരുടേയും പാര്ശ്വവത്കരിക്കപ്പെട്ടവരുടേയും ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ഈ വൈദികന് ലഭിക്കുന്ന പുരസ്കാരം മുംബൈയിലെ ഷഹപുർ നാട്ടുകാര് നല്കുന്ന ഗുരുദക്ഷിണയാണ്.
1950ല് പാലാ പ്രവിത്താനത്ത് പരേതരായ കാവുകാട്ട് ജോസഫ് -മേരി ദമ്പതികളുടെ ഒന്പതു മക്കളില് നാലാമനായാണ് ഫാ. ജോര്ജിന്റെ ജനനം. ദൈവദാസന് മാര് മാത്യു കാവുകാട്ടിന്റെ സഹോദര പൗത്രനാണ്. 1978ല് വടവാതൂര് സെമിനാരിയില്നിന്നു വൈദിക പരിശീലനം പൂര്ത്തിയാക്കി ബിഷപ് മാര് സെബാസ്റ്റ്യന് വയലിൽനിന്നും എംഎസ്ടി സഭയ്ക്കുവേണ്ടി വൈദികപട്ടം സ്വീകരിച്ചു.
തുടര്ന്ന് മധ്യപ്രദേശില് ഉജ്ജൈൻ രൂപതയിലെ മാനായില് ഹിന്ദു സന്യാസിയുടെ കുടിലില് അതിഥിയായി താമസിച്ച് മാനാ മിഷന് തുടക്കമിട്ടു. പഞ്ചായത്ത് ദാനം ചെയ്ത തുണ്ട് ഭൂമിയില് സ്വയം കുടിലുണ്ടാക്കി താമസം തുടങ്ങിയ ഫാ.ജോർജ് ഹെര്ബോ മിനറല് ചികിത്സകള്ക്ക് തുടക്കംകുറിച്ചു. കുട്ടികളുടെ പഠനത്തിന് ചെറിയ സൗകര്യങ്ങള് ഏര്പ്പെടുത്തി. ഈ എളിയ ശുശ്രൂഷ അമ്പതാണ്ടിലേക്കു കടക്കുമ്പോള് ഈ ഗ്രാമം ഇന്ന് ഉന്നതവിദ്യാസമ്പന്നരുടെ നാടായി മാറി. മാനാ ഗ്രാമത്തിലെ സേവനത്തിനുശേഷം ഫാ.ജോര്ജ് പൂനയില് ശുശ്രൂഷാദൗത്യം ഏറ്റെടുത്തു.
1990ല് കൊങ്കണ് മേഖലയിലയുള്പ്പെടുന്ന സാംഗ്ലി മിഷന്റെ തുടക്കക്കാരനായി നിയോഗിക്കപ്പെട്ടു. 1995ലാണ് താനാ ജില്ലയിലെ ആദിവാസികളുടെ അതിദരിദ്രമായ ഉള്ഗ്രാമങ്ങളിലേക്ക് ഈ വൈദികന് കടന്നുചെന്നത്. ഫാ.ജോർജിന്റെ അനേക വര്ഷങ്ങളിലെ അത്യധ്വാനം ഒരു ജനതയെ അറിവിന്റെയും വികസനത്തിന്റെയും പാതയിലേക്കു നയിക്കാന് കാരണമായി.
77വയസുകാരനായ ഫാ.ജോര്ജ് കാവുകാട്ട് കര്ണാടകയിലെ കാര്ക്കളയില് വിശ്രമജീവിതം നയിക്കുന്നതിനിടെയാണ് സാമൂഹ്യസേവനത്തിനുള്ള പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയത്. നാളെ രാവിലെ പത്തിന് മുംബൈ ടിറ്റ് വാലാ സായിബാബ മന്ദിര് ഹാളില് നടക്കുന്ന സമ്മേളനത്തില് ഫാ.ജോര്ജ് കാവുകാട്ട് പുരസ്കാരം ഏറ്റുവാങ്ങും.
Kerala
കണ്ണൂർ: പിലാത്തറയില് മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ച കാർ ആക്രമിച്ച്
അരക്കോടി രൂപ കവർന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. പിലാത്തറ - മാതമംഗലം റോഡില് കോ-ഓപ്പറേറ്റീവ് കോളജിന് സമീപമാണ് കെഎല് 58 എഎന് 2059 നമ്പര് ആക്രമിക്കപ്പെട്ടത്.
കാറിൽ മഹാരാഷ്ട്ര സ്വദേശികളായ ദന്പതികളും രണ്ടുമക്കളും ഡ്രൈവറുമായിരുന്നു ഉണ്ടായിരുന്നത്. അക്രമിസംഘം കാർ തടഞ്ഞ് യാത്രക്കാരെ ആക്രമിച്ചാണ് പണം കവർന്നത്. കാറിനുള്ളിലുള്ളവർ ഓടിരക്ഷപ്പെടുകയും ബസിൽ കയറി തലശേരിയിൽ എത്തി പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. തങ്ങളുടെ പക്കലുണ്ടായിരുന്ന അരക്കോടി രൂപ കവർന്നതായാണ് ഇവർ പറയുന്നത്. തലശേരി എസിപി നന്ദഗോപന്റെ നേതൃത്വത്തിൽ വിശദമായ മൊഴി രേഖപ്പെടുത്തി വരികയാണ്.
കാർ കണ്ടെത്തിയത് ദുരൂഹ സാഹചര്യത്തിൽ
രാവിലെ നടക്കാനിറങ്ങിയവരാണ് കാര് കണ്ടെത്തിയത്. കാറിന്റെ ബോണറ്റും മുന്വശത്തെ ഡോറും തുറന്നിട്ട നിലയിലായിരുന്നു. കാറില് രക്തക്കറകളുണ്ടായിരുന്നു. കുട്ടികളുടേയും സ്ത്രീകളുടേയും വസ്ത്രങ്ങളും ബാഗും കാറില്നിന്നും വാരി പുറത്തിട്ട നിലയിലായിരുന്നു. പിടിവലി നടന്നതിന്റെ ലക്ഷണങ്ങളാണ് കാണാനാകുന്നത്.
ശബ്ദമുണ്ടാക്കിയാല്പോലും പെട്ടെന്നാരും എത്താന് സാധ്യതയില്ലാത്ത വിജനമായ പ്രദേശത്താണ് കാറുള്ളത്. പോലീസിനെ വിവരമറിയിച്ചതിനെ തുടര്ന്ന് പരിയാരം പോലീസെത്തി പരിശോധന നടത്തി. തലശേരി പോലീസുമായി പരിയാരം പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിൽ രണ്ടു സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ തുടർച്ചയായി മലയാളി യുവാവ് വെട്ടേറ്റു കൊല്ലപ്പെട്ടു. ചെങ്ങന്നൂർ സ്വദേശി വിഷ്ണു നായർ(31) ആണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
താനെയിലെ വർത്തക് നഗറിലാണ് സംഭവം. വർത്തക് നഗറിലെ മത്സ്യക്കച്ചവടക്കാരും പ്രതികളും തമ്മിലുണ്ടായ ഒരു തർക്കത്തിൽ വിഷ്ണു നായർ ഇടപെട്ടിരുന്നു. തുടർന്ന് പോലീസെത്തി ഈ പ്രശ്നം പരിഹരിച്ച് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടു
പോലീസ് മടങ്ങിയതിനു പിന്നാലെ, ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന വിഷ്ണുവിനെ അക്രമിസംഘം പിന്തുടർന്ന് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
കൊല്ലപ്പെട്ട വിഷ്ണു നായരും കസ്റ്റഡിയിലായ പ്രതികളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതിനാൽ മുംബൈയിലെ അധോലോക സംഘട്ടനങ്ങളുടെയും ഗുണ്ടാപ്പകയുടെയും ഭാഗമായാണോ ഈ കൊലപാതകം നടന്നതെന്നും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
National
മുംബൈ : മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിൽ നാല് സ്ത്രീകളെ കടുവ കൊന്നു. ബീഡി തെറുക്കാൻ ഉപയോഗിക്കുന്ന തെണ്ടുൽ ഇലകൾ ശേഖരിക്കാൻ കാട്ടിലേക്ക് പോയപ്പോഴായിരുന്നു കടുവയുടെ ആക്രമണം.
ഗുഞ്ചേവാഹി നിവാസികളായ കവാഡബായ് മൊഹുർലെ (45), അനിതബായ് മൊഹുർലെ (40), സുനിത മൊഹുർലെ (38), സംഗീത ചൗധരി (50) എന്നിവരാണ് മരിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്
ചന്ദ്രപുർ ജില്ലാ ആസ്ഥാനത്തുനിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള സിന്ധേവാഹി താലൂക്കിലെ ഗുഞ്ചേവാഹി ഗ്രാമത്തിനടുത്താണ് സംഭവം. തെണ്ടുൽ ഇലകൾ ശേഖരിക്കുന്നതിനിടെ ഇവരെ കടുവ ആക്രമിക്കുകയായിരുന്നു.
National
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വ്യോമയാന ഹബ്ബുകളായ ഡൽഹിയും മുംബൈയും വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെ (എടിഎഫ്) നികുതി കുറച്ചു.
വിമാന ഇന്ധനത്തിനുള്ള മൂല്യവർധിത നികുതി (വിഎടി) ആറു മാസത്തേക്ക് ഡൽഹി സർക്കാർ 25 ശതമാനത്തിൽനിന്ന് ഏഴു ശതമാനമായി കുറച്ചപ്പോൾ മഹാരാഷ്ട്ര സർക്കാരാകട്ടെ മുംബൈയിലെ വിഎടി 18 ശതമാനത്തിൽനിന്ന് ഏഴു ശതമാനമായും കുറച്ചു.
നേരത്തേ വിമാനത്തിന്റെ പ്രവർത്തനച്ചെലവിന്റെ 30 മുതൽ 40 ശതമാനം വരെയായിരുന്നു ഇന്ധന ഇനത്തിലെങ്കിൽ പശ്ചിമേഷ്യൻ പ്രതിസന്ധിക്കുശേഷം ഇത് 55 മുതൽ 60 ശതമാനം വരെയായി ഉയർന്നു.
ഇന്ധന നികുതിയിൽ കുറവ് വന്നിട്ടുണ്ടെങ്കിലും ഇത് വിമാന ടിക്കറ്റ് നിരക്കിൽ ഉടൻ പ്രതിഫലിക്കാൻ സാധ്യതയില്ല.
National
മുംബൈ: മഹാരാഷ്ട്രയിൽ ഭർത്താവിന്റെയും സഹോദരന്റെയും സുഹൃത്തിന്റെയും സഹായത്തോടെ യുവതി കാമുകനെ കൊന്ന് മൃതദേഹം വീപ്പയ്ക്കുള്ളിൽ നിറച്ച് അഴുക്കുചാലിൽ തള്ളി.
താനെയിലെ മുംബ്ര നിവാസിയായ അർബാസ് മഖ്സൂദ് അലി ഖാൻ ആണ് മരിച്ചത്. ഏപ്രിൽ മൂന്നിന് ജോലിക്കായി വീട്ടിൽ നിന്നിറങ്ങിയ ഇയാളെക്കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ലായിരുന്നു. എല്ലായിടത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് അർബാസിന്റെ പിതാവ് മുംബ്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അർബാസിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അർബാസിന്റെ ഫോണിന്റെ അവസാനത്തെ ലൊക്കേഷൻ വസായ് പ്രദേശത്തായിരുന്നുവെന്നും കാമുകി മെഹ്ജബീൻ ഷെയ്ഖിന്റെ ലോക്കേഷനും ഇവിടെയുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
തുടർന്ന് മെഹ്ജബീനെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തു. ആദ്യം ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല. ഏറെസമയത്തിന് ശേഷം ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. ഭർത്താവിന്റെയും സഹോദരന്റെയും സുഹൃത്തിന്റെയും സഹായത്തോടെയാണ് കൃത്യം നടത്തിയതെന്നും ഇവർ മൊഴി നൽകിയതായി അഡീഷണൽ പോലീസ് കമ്മീഷണർ (എസിപി) പ്രിയ ധങ്ക്നെ പറഞ്ഞു.
അർബാസിൽ നിന്നും പണം തട്ടുക എന്നതായിരുന്നു സംഘത്തിന്റെ പദ്ധതി. എന്നാൽ ഇയാളിൽ നിന്ന് ഒന്നും ലഭിക്കാതെ വന്നപ്പോൾ, മെഹ്ജബീനും കൂട്ടാളികളും അർബാസിന്റെ കൈകൾ കെട്ടിയിട്ട് പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് അടിച്ച് കൊന്നു. തുടർന്ന് മൃതദേഹം ഒരു വീപ്പയ്ക്കുള്ളിൽ നിറച്ച് മുംബ്ര പ്രദേശത്തെ അഴുക്കുചാലിൽ തള്ളി.
മെഹ്ജബീനെയും സഹോദരൻ താരിഖ് ഷെയ്ക്കിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് ഹസനും സുഹൃത്തും ഒളിവിലാണ്. നിരവധി കേസുകളിൽ പ്രതിയാണ് താരിഖ് എന്ന് പോലീസ് അറിയിച്ചു.
കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
മുംബൈ: പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അധോലോക കുറ്റവാളി നേതാവുമായി ബന്ധമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് മഹാരാഷ്ട്രയിൽ വിവിധയിടങ്ങളിൽ ഭീകരവിരുദ്ധ സേന (എടിഎസ്) വ്യാപക റെയ്ഡ് നടത്തി.
ബുധനാഴ്ച രാവിലെ മുതൽ മുംബൈ ഉൾപ്പടെ മഹാരാഷ്ട്രയിലെ നാൽപതോളം കേന്ദ്രങ്ങളിലായിരുന്നു ഒരേ സമയം റെയ്ഡ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 53 പേരെ എടിഎസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
വിദേശത്തിരുന്ന് ക്രിമിനൽ സംഘങ്ങളെ നിയന്ത്രിക്കുന്ന ഷെഹ്സാദ് ഭട്ടി എന്നയാളുമായി സമ്പർക്കം പുലർത്തിയവരെ ലക്ഷ്യമിട്ടായിരുന്നു എടിഎസിന്റെ നടപടി. സാമൂഹികമാധ്യമങ്ങൾ വഴി ഇന്ത്യൻ യുവാക്കളെ സ്വാധീനിക്കാനും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനും ഭട്ടി ശ്രമിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
മുംബൈ, അക്കോള, നാന്ദെഡ്, പൂന, മീര റോഡ്, നളസോപാര, നാസിക്, ജൽഗാവ്, നാഗ്പുർ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണു പരിശോധന നടന്നത്.
ഭട്ടിയുടെ സിൻഡിക്കറ്റുകളുമായി ബന്ധമുള്ള ചില വ്യക്തികളുടെ സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ച് എടിഎസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് 53 പേരെ തിരിച്ചറിഞ്ഞതും അവരുടെ ഒളിത്താവളങ്ങളിൽ പരിശോധന നടത്തിയതും. ഇവരുടെ സാമൂഹികമാധ്യമങ്ങളിലെയും സാമ്പത്തിക ഇടപാടുകളും എടിഎസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
കഴിഞ്ഞയാഴ്ച ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
ഷെഹ്സാദ് ഭട്ടി ശൃംഖലയിലെ അംഗങ്ങൾ വഴിയാണ് ഈ പദ്ധതികൾ ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി പോലീസിന്റെ സ്പെഷൽ സെൽ ഒന്പത് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് മഹാരാഷ്ട്രയിലും കർശന പരിശോധന നടക്കുന്നത്.
യുവാക്കളെ ആഡംബരജീവിതവും പണവും വാഗ്ദാനം ചെയ്ത് ക്രിമിനൽ സംഘങ്ങളിലേക്ക് എത്തിക്കാനാണ് ഭട്ടി ശ്രമിക്കുന്നതെന്നും ഇയാളുടെ നിരവധി സ്ലീപ്പർസെല്ലുകൾ മഹാരാഷ്ട്രയിലുണ്ടെന്നും എടിഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
National
സാംഗ്ലി: മഹാരാഷ്ട്രയിൽ കനത്ത മഴയിലും കാറ്റിലും ക്ഷേത്ര മതിൽ തകർന്നും ടിൻ ഷീറ്റുകൾ പതിച്ചും ആറു പേർ മരിച്ചു. 14 പേർക്കു പരിക്കേറ്റു.
സാംഗ്ലി ജില്ലയിലെ മോത്തേവാഡി ഗ്രാമത്തിലെ മർഗുദേവി ക്ഷേത്രത്തിലായിരുന്നു അപകടം. ചൊവ്വാഴ്ചകളിലാണ് ക്ഷേത്രത്തിൽ കൂടുതലായി ഭക്തരെത്തുന്നത്.
ഇന്നലെ അപകടമുണ്ടാകുന്പോൾ ഏകദേശം 350 വിശ്വാസികൾ ക്ഷേത്രത്തിലുണ്ടായിരുന്നു. കനത്ത മഴയും കാറ്റും ഉണ്ടായതോടെ ആളുകൾ ടിൻ ഷീറ്റിന്റെ അടിയിലേക്കു മാറി. മതിലും ടിൻ ഷീറ്റും പെട്ടെന്നു തകർന്നുവീഴുകയായിരുന്നു.
National
താനെ: മഹാരാഷ്ട്രയിലെ അംബർനാഥ് നഗരസഭയിൽ കോൺഗ്രസിന് വൻ തിരിച്ചടി. ബിജെപിയുമായി കൈകോർത്തതിന് പാർട്ടി സസ്പെൻഡ് ചെയ്ത 12 കോൺഗ്രസ് കൗൺസിലർമാരും ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. ബുധനാഴ്ച രാത്രി ബിജെപി സംസ്ഥാന അധ്യക്ഷൻ രവീന്ദ്ര ചവാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഡിസംബർ 20ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ, ഏറ്റവും വലിയ ഒറ്റകക്ഷിയായ ശിവസേനയെ (ഏക്നാഥ് ഷിൻഡെ വിഭാഗം) ഭരണത്തിൽ നിന്ന് മാറ്റിനിർത്താൻ ബിജെപിയും കോൺഗ്രസും അജിത് പവാറിന്റെ എൻസിപിയും ചേർന്ന് 'അംബർനാഥ് വികാസ് അഘാഡി' രൂപീകരിച്ചിരുന്നു.
60 അംഗ നഗരസഭയിൽ ശിവസേനയ്ക്ക് 27 സീറ്റുകളാണ് ലഭിച്ചത്. എന്നാൽ ബിജെപി (14), കോൺഗ്രസ് (12), എൻസിപി (4), ഒരു സ്വതന്ത്രൻ എന്നിവർ ചേർന്നതോടെ സഖ്യത്തിന് 31 സീറ്റുകളായി. ഇതോടെ ഭരണത്തിലെത്താൻ ആവശ്യമായ ഭൂരിപക്ഷം (30) ഇവർ മറികടന്നു.
ബിജെപിയുമായി ചേർന്ന് സഖ്യമുണ്ടാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വം 12 കൗൺസിലർമാരെയും ബ്ലോക്ക് പ്രസിഡന്റിനെയും സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നത്.
National
മുംബൈ: മഹാരാഷ്ട്രയിൽ ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർക്ക് മറാത്തി ഭാഷ അറിഞ്ഞിരിക്കണമെന്നതു നിർബന്ധമാക്കി.
തീരുമാനം ഫലപ്രദമായി നടപ്പാക്കാൻ അടുത്തമാസം ഒന്നുമുതൽ ഓഗസ്റ്റ് 15 വരെ പ്രത്യേക പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി പ്രതാപ് സർനായിക് അറിയിച്ചു. മറാത്തി അറിയില്ല എന്ന ഒറ്റക്കാരണത്താൽ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കില്ലെന്നു തീരുമാനത്തെക്കുറിച്ച് മന്ത്രി വിശദീകരിച്ചു.
അതേസമയം അനധികൃതമായി ആളുകളെ കൊണ്ടുപോകുന്നവർക്കെതിരേ കർക്കശ നടപടി സ്വീകരിക്കും. നിലവിലുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ നിയമലംഘകർക്കെതിരേ കർക്കശ നടപടി സ്വീകരിക്കും.
National
നാസിക്: മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന പുതിയ വെളിപ്പെടുത്തലുകളുമായി നാസിക്കിലെ സ്വയം പ്രഖ്യാപിത ആൾദൈവം അശോക് ഖാരത്തിനെതിരെയുള്ള അന്വേഷണം പുരോഗമിക്കുന്നു. സംസ്ഥാനത്തെ മന്ത്രിസഭാ രൂപീകരണത്തിലും മന്ത്രിമാരെ നിശ്ചയിക്കുന്നതിലും ഖാരത്ത് സ്വാധീനം ചെലുത്താൻ ശ്രമിച്ചതായി പ്രതിപക്ഷം ആരോപിച്ചു. ഇതിനിടെ, ഏഴാമത്തെ ലൈംഗിക പീഡനക്കേസിൽ ഇയാളെ ഏപ്രിൽ 29 വരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു.
മഹാരാഷ്ട്രയിലെ മന്ത്രിസഭാ അംഗങ്ങളെ നിശ്ചയിക്കുന്നതിൽ ഖാരത്ത് നിർണായക സ്വാധീനം ചെലുത്തിയെന്നും പല പ്രമുഖ നേതാക്കളും ഇയാളുടെ നിർദേശങ്ങൾ സ്വീകരിച്ചിരുന്നതായും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. ഇയാൾക്കൊപ്പം പ്രമുഖ രാഷ്ട്രീയ നേതാക്കൾ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത് വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്. കുടുംബപ്രശ്നങ്ങൾക്ക് പരിഹാരം തേടിയെത്തിയ ഒരു വീട്ടമ്മയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു എന്നതാണ് ഖാരത്തിനെതിരെയുള്ള പുതിയ കേസ്.
യുവതിയുടെ ഭർത്താവിനെ പുറത്തിരുത്തിയ ശേഷമായിരുന്നു ക്രൂരകൃത്യം. ഇത് സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് നാസിക് കോടതി മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. ഖാരത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ രഹസ്യ ലോക്കറിൽ നിന്ന് രണ്ട് ബ്ലാങ്ക് ചെക്കുകളും മറ്റ് പല രേഖകളും പോലീസ് കണ്ടെടുത്തു. രാഷ്ട്രീയ നേതാക്കളുമായും പ്രമുഖരുമായും ഇയാൾ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ ഇതിലൂടെ പുറത്തുവരുമെന്നാണ് സൂചന.
മുൻ മെർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഇയാൾക്കെതിരെ ഇതുവരെ പന്ത്രണ്ടോളം ലൈംഗിക പീഡനക്കേസുകളും നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദിവ്യശക്തിയും മന്ത്രവാദവും അവകാശപ്പെട്ടായിരുന്നു ഇയാളുടെ തട്ടിപ്പുകൾ. മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണവുമായി ബന്ധപ്പെട്ട മന്ത്രവാദ ആരോപണങ്ങളിലും ഖാരത്തിന്റെ പേര് ഉയർന്നു വന്ന സാഹചര്യത്തിൽ, ഈ കേസ് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചയാകുമെന്ന് ഉറപ്പാണ്.
National
മുംബൈ: വർഷങ്ങൾക്ക് മുൻപ് അധോലോക ഗുണ്ട സാദിഖ് കാലിയയെ വധിക്കാൻ പോലീസിന് രഹസ്യ വിവരം നൽകിയയാളെ കൊലപ്പെടുത്തി അനന്തരവൻ. ഇഖ്ബാല് ഇബ്രാഹിം സെലിയ(78) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തെ തുടർന്ന് കാലിയയുടെ അനനന്തരവന് സാദിഖ് ജവാർ(29), സുഹൃത്ത് നൗഷാദ് മിത്താനി(22) എന്നിവരാണ് പിടിയിലായത്. ഇഖ്ബാല് ഇബ്രാഹിം സെലിയയെ പ്രതികൾ വീട്ടില് കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
27 വര്ഷങ്ങള്ക്ക് മുൻപാണ് ഛോട്ടാ ഷക്കീലിന്റെ അനുയായി ആയിരുന്ന സാദിഖ് കാലിയയെ മുംബൈ പോലീസ് വധിച്ചത്. ഈ സമയം രണ്ട് വയസുകാരനായിരുന്ന സാദിഖ് ജവാർ വർഷങ്ങൾക്കിപ്പുറം പക വീട്ടുകയായിരുന്നു.
National
മുംബൈ: ബിഹാറിൽ നിന്നും മഹാരാഷ്ട്രയിലേക്ക് ബാലവേലയ്ക്ക് കടത്തിയ പ്രായപൂർത്തിയാകാത്ത 163 കുട്ടികളെ രക്ഷപെടുത്തി. എല്ലാവരും ആൺകുട്ടികളാണ്. മധ്യപ്രദേശിലെ കട്നി ജില്ലയിൽ നിന്നുമാണ് ഇവരെ എത്തിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറ് മുതൽ 13 വയസ് വരെ പ്രായമുള്ള കുട്ടികളെ വിദ്യാഭ്യാസത്തിനായി ലാത്തൂരിലെ മദ്രസയിലേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് അറസ്റ്റിലായവർ പോലീസിന് മൊഴി നൽകി.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർപിഎഫ്) ഗവൺമെന്റ് റെയിൽവേ പോലീസും (ജിആർപി) സംയുക്തമായി നടത്തിയ പരിശോധനയിലാണ് ടിക്കറ്റും മതിയായ രേഖകളുമില്ലാതെ പാറ്റ്ന-പൂർണ എക്സ്പ്രസിൽ യാത്ര ചെയ്ത കുട്ടികളെ കട്നി റെയിൽവേ സ്റ്റേഷനിൽ വച്ച് രക്ഷപെടുത്തിയത്.
കുട്ടികളെ ബിഹാറിലെ അരാരിയ മേഖലയിൽ നിന്ന് മഹാരാഷ്ട്രയിലെ ലാത്തൂരിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ആർപിഎഫ് കട്നി ഇൻസ്പെക്ടർ വീരേന്ദ്ര സിംഗ് പറഞ്ഞു.
ബിഹാറിലെ വിവിധ ജില്ലകളിൽ നിന്നുള്ള എട്ട് പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 143(4) (പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളെ കടത്തൽ) പ്രകാരം ജിആർപി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സിംഗ് പറഞ്ഞു.
കുട്ടികളെ ലാത്തൂരിലേക്ക് ജോലിക്കായി കൊണ്ടുപോകുകയായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായതെന്നും ജിആർപി കേസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
National
മുംബൈ: മഹാരാഷ്ട്രയിൽ ഭർതൃവീട്ടിലെ ഗാർഹിക പീഡനത്തെ തുടർന്ന് കൗമാരക്കാരി ജീവനൊടുക്കി. സോളാപൂർ ജില്ലയിലെ മംഗൽവേധ തഹ്സിലിലാണ് സംഭവം. 14കാരിയാണ് മരിച്ചത്.
നാലു മാസങ്ങൾക്ക് മുൻപാണ് 19കാരനുമായി കുട്ടിയുടെ വിവാഹം നടത്തിയത്. പിന്നീട് തുടർച്ചയായ ഗാർഹിക പീഡനത്തിന് ഇരയായ കുട്ടി, ജീവനൊടുക്കുകയായിരുന്നു.
പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും ഇവർ മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയായെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഭർത്താവിനും ഭർതൃപിതാവിനും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ മംഗൾവേദ പോലീസ് കേസെടുത്തു. ഭർത്താവിനെയും ഭർതൃപിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
"ഒന്നാമതായി, പെൺകുട്ടി പ്രായപൂർത്തിയായിരുന്നില്ല, രണ്ടാമതായി, പല വീട്ടുജോലികളും ചെയ്യാൻ ഭർതൃവീട്ടുകാർ കുട്ടിയെ നിർബന്ധിച്ചു. തന്റെ പ്രായത്തിന്റെ ചെറുപ്പം കാരണം ഈ സമ്മർദങ്ങൾ താങ്ങാൻ കുട്ടിക്ക് കഴിഞ്ഞില്ല. മാത്രമല്ല, ശാരീരിക ബന്ധത്തിന് ഏർപ്പെടാൻ ഭർത്താവ് കുട്ടിയെ നിർബന്ധിക്കുകയും ചെയ്തു. ഇതെല്ലാം കുട്ടിയുടെ മരണത്തിന് കാരണമായി'.-മംഗൽവേദ പോലീസ് സ്റ്റേഷനിലെ പോലീസ് ഇൻസ്പെക്ടർ ദത്താത്രേ ബോറിഗിഡെ പറഞ്ഞു.
National
ചന്ദ്രാപുർ: മഹാരാഷ്ട്രയിലെ ചന്ദ്രാപുരിൽ കടുവയുടെ ആക്രമണത്തിൽ 58 കാരനു ദാരുണാന്ത്യം. നാഗ്ബിഹിദ് വനമേഖലയിലെ മിൻതൗർ സ്വദേശിയായ ഹരിദാസ് മഹാദേവ് ആണ് മരിച്ചത്.
മഹുവ പൂവ് ശേഖരിക്കാൻ വനിത്തിൽ ശനിയാഴ്ച പുലർച്ചെയാണ് വീട്ടിൽനിന്ന് തിരിച്ചത്. രാത്രിയായിട്ടും തിരിച്ചെത്താതായതോടെ കുടുംബാംഗങ്ങൾ തിരച്ചിൽ തുടങ്ങി. അകന്ന ബന്ധുവാണ് പ്രദേശത്ത് രണ്ട് കടുവകളെയും രണ്ട് കുട്ടികളെയും കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ പിറ്റേന്നാണ് ഹരിദാസിന്റെ മൃതദേഹം കണ്ടെത്തിയത്.
National
മുംബൈ: മഹാരാഷ്ട്രയിലെ വിഐപി ആൾദൈവം അശോക് ഖരാത്ത് പീഡിപ്പിച്ചെന്ന പരാതിയുമായി ഇതിനകം നൂറിലേറെ സ്ത്രീകൾ രംഗത്തുവന്നു. ഇതിനൊപ്പം ഉന്നത രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധമുള്ള ഖരാത്തിന്റെ ചെയ്തികൾ പുറത്തുവന്നതോടെ മഹാരാഷ്ട്ര രാഷ്ട്രീയം ഇളകിമറിയുകയാണ്. നാസിക്കിൽനിന്നുള്ള വിവാദ ആൾദൈവമാണ് അശോക് ഖരാത്ത്.
എൻസിപി അജിത്പവാർ വിഭാഗം നേതാവും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുമായിരുന്ന രൂപാലി ചകങ്കർ, മുൻമന്ത്രിയും ശിവസേന നേതാവുമായ ദീപക് കെസാർക്കർ എന്നിവർക്കു ഖരാത്തുമായുള്ള ബന്ധം പുറത്തുവന്നു. പിന്നാലെ വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനവും പാർട്ടിയിലെ സ്ഥാനങ്ങളും രൂപാലി രാജിവച്ചു. എന്നാൽ, രൂപാലിയെ ചോദ്യം ചെയ്യാൻ എസ്ഐടി നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. അശോക് ഖരാത്തിന്റെ ട്രസ്റ്റിൽ ഇവരും അംഗമാണ്.
ജ്യോതിഷത്തിന്റെയും ആത്മീയതയുടെയും മറവിൽ നൂറുകണക്കിനു സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പരാതി. അതിനൊപ്പം കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും പരാതിയുണ്ട്. ഇയാളുടെ ട്രെസ്റ്റിലും മറ്റും ഉന്നത രാഷ്ട്രീയക്കാർ പലരുമുണ്ടായിരുന്നു. രാഷ്ട്രീയ സ്വാധീനവും ഇയാളുടെ വളർച്ചയ്ക്കു കാരണമായിട്ടുണ്ട്.
പത്താം ക്ലാസിൽ തോൽവി
തുടക്കം ഇങ്ങനെ: നാസിക് സ്വദേശിയായ ഇയാൾ പത്താം ക്ലാസിൽ തോറ്റ ആളാണ്. കുറച്ചുകാലം മർച്ചന്റ് നേവിയിൽ ജോലി ചെയ്തെന്നും 'ക്യാപ്റ്റൻ ഖരാത്ത്' എന്നറിയപ്പെട്ടിരുന്നുവെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇതിനൊന്നും രേഖകളില്ല. ഇത് ഇയാളുടെ വ്യാജ അവകാശവാദമാണെന്നാണ് പോലീസ് കരുതുന്നത്.
ആൾദൈവമാകുന്നു: തൊണ്ണൂറുകളുടെ പകുതിയോടെ നാസിക്കിൽ തിരിച്ചെത്തിയ ഇയാൾ അശോക് കുമാർ എന്ന പേരു സ്വീകരിച്ചു. ജ്യോതിഷിയും സംഖ്യാശാസ്ത്രജ്ഞനുമായി (Numerologist) പ്രവർത്തനം തുടങ്ങി.
വളർച്ച: നാസിക്കിലെ മിർഗാവിൽ 'ഈശനേശ്വർ മഹാദേവ്' എന്ന പേരിൽ ഒരു ക്ഷേത്രം നിർമിച്ചതോടെ ഇയാൾക്ക് സ്വാധീനമേറി. വൈകാതെ ഉന്നത രാഷ്ട്രീയ നേതാക്കളും വ്യവസായികളുമൊക്കെ ഇയാളുടെ ചങ്ങാതിമാരായി മാറി. രാഷ്ട്രീയക്കാർ തെരഞ്ഞെടുപ്പ് വിജയത്തിനും മറ്റുമായി ഇയാളുടെ ഉപദേശങ്ങൾ തേടിയെത്തി.
കുറ്റകൃത്യങ്ങൾ, ആരോപണങ്ങൾ
ദോഷപരിഹാരത്തിനായി എത്തുന്ന സ്ത്രീകളെ മയക്കുമരുന്നു കലർത്തിയ പാനീയങ്ങൾ നൽകി പീഡിപ്പിക്കുകയായിരുന്നു ഇയാളുടെ രീതി. പീഡന ദൃശ്യങ്ങൾ ഇയാളുടെ മുറിയിൽ സ്ഥാപിച്ചിരുന്ന രഹസ്യ കാമറയിൽ പകർത്തുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പലരെയും പീഡിപ്പിച്ചു. ഇയാളുടെ പക്കൽനിന്നു നൂറിലധികം സ്ത്രീകളുടെ അശ്ലീല വീഡിയോകൾ പോലീസ് കണ്ടെടുത്തു.
തട്ടിപ്പും തകൃതി: പ്രശ്നപരിഹാരം തേടി എത്തുന്നവരിൽനിന്നു ലക്ഷക്കണക്കിന് രൂപ ഇയാൾ തട്ടിയെടുത്തിരുന്നു. ഒരു തവണത്തെ കൺസൾട്ടേഷനു പോലും 50 ലക്ഷം രൂപ വരെ ഈടാക്കിയിരുന്നത്രേ. കൂടാതെ, ബിസിനസ് അഭിവൃദ്ധിക്കായി വ്യവസായികൾക്കും മറ്റും വ്യാജരത്നങ്ങളും പുളിങ്കുരുവും 'പുണ്യവസ്തുക്കൾ' എന്നു പറഞ്ഞു നൽകി ലക്ഷങ്ങൾ കൈക്കലാക്കി.
വൻ സമ്പാദ്യം: പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രാഥമിക കണ്ടെത്തൽ പ്രകാരം അശോക് ഖരാത്തിന് ഏകദേശം 1,500 കോടി രൂപയുടെ ആസ്തിയുണ്ട്. മുംബൈ, നാസിക്, പൻവേൽ എന്നിവിടങ്ങളിൽ ഇയാൾക്കു ബിനാമി സ്വത്തുക്കളുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
അകത്തായപ്പോൾ
2026 മാർച്ചിലാണ് ഇയാളെ നാസിക് പോലീസ് അറസ്റ്റ് ചെയ്തത്. ഹിപ്നോട്ടിസത്തിന്റെ മറവിൽ മയക്കുമരുന്നു നൽകി പീഡിപ്പിച്ചെന്ന് ഒരു സ്ത്രീ നൽകിയ പീഡന പരാതിയാണ് ഇയാളുടെ ഒടുവിൽ കുടുക്കിയത്.
ഇയാൾ അറസ്റ്റിലായതിനു പിന്നാലെ പരാതികളുടെ പ്രളയമായിരുന്നു.
ഐപിഎസ് ഉദ്യോഗസ്ഥ തേജസ്വിനി സത്പുതെയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് (SIT) കേസ് അന്വേഷിക്കുന്നത്. ഇയാൾക്കെതിരെ ഇതുവരെ പത്തിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. (അതിൽ എട്ടെണ്ണം പീഡനക്കേസുകളാണ്).
പോലീസ് പുറത്തുവിട്ട ഹെൽപ്പ് ലൈൻ നമ്പറുകളിലേക്കു നൂറിലധികം സ്ത്രീകളാണ് ഇയാൾക്കെതിരെ പരാതിയുമായി എത്തിയത്. ഇതിലുമേറെ പേർ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്.
ആദായനികുതി വകുപ്പും ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഇയാളുടെ മകൻ ഹർഷവർധനെയും പോലീസ് ചോദ്യംചെയ്യാൻ പിടികൂടിയിട്ടുണ്ട്. ഭാര്യ കല്പനയെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.
National
മുംബൈ: മഹാരാഷ്ട്രയിലെ വസായിൽ നാല് വയസുകാരനെ അതിക്രൂരമായി മർദിച്ച പ്രതി പിടിയിൽ. വസായ് സ്വദേശി സന്ദീപ് പന്തുറംഗ് പവാർ ആണ് പിടിയിലായത്. പ്രതിയെ തടയാനെത്തിയ കുട്ടിയുടെ മുത്തശിയെയും ഇയാൾ ഉപദ്രവിച്ചിരുന്നു.
തിങ്കളാഴ്ച രാത്രി വസായിലെ അനുപം ഖർ കോംപ്ലക്സിന് സമീപമാണ് സംഭവം. പ്രതിയായ സന്ദീപ് പവാറും കുട്ടിയുടെ പിതാവും തമ്മിൽ മുൻപ് ചെറിയൊരു വാക്കുതർക്കമുണ്ടായിരുന്നു. ഇതേ തുടർന്നുള്ള പകയാണ് നാല് വയസുകാരനെ മർദിക്കുന്നതിലേക്ക് നയിച്ചത്.
റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ മറ്റ് കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു നാല് വയസുകാരൻ വിഗ്നേഷ്. ഓട്ടോയിൽ ഇരിക്കുന്ന കുട്ടിയെ കണ്ടതും പ്രകോപിതനായ സന്ദീപ് ഓടിയെത്തി കുട്ടിയുടെ കാലിൽ പിടിച്ച് പുറത്തേക്ക് വലിച്ചിറക്കി.
കാലിൽ പിടിച്ച് കുട്ടിയെ ഉയർത്തി തല നിലത്തടിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ ഇരുമ്പ് കമ്പിയിലേക്കും കുട്ടിയുടെ തല ഇടിപ്പിച്ചു. അതിനുശേഷം റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ മുത്തശിയെയും പ്രതി ആക്രമിച്ചു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഗ്നേഷിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
National
മുംബൈ: പാക്കിസ്ഥാൻ നിർമിത സൗന്ദര്യവർധക ഉത്പന്നങ്ങൾ വിറ്റഴിച്ച മഹാരാഷ്ട്ര ഛത്രപതി സംഭാജി നഗറിൽ കടയുടമകൾക്കെതിരേ കേസ്.
മുഹമ്മദ് അബ്രാർ, അൻകുർ അഗർവാൾ, ജുമാൻ ഖാൻഎന്നിവർക്കെതിരേയാണ് വിദേശ വ്യാപര നിയമപ്രകാരം കേസെടുത്തത്.
സോപ്പ് ഉൾപ്പെടെ പാക്കിസ്ഥാനിൽ നിർമിച്ച 28 ഉത്പന്നങ്ങൾ കടകളിൽനിന്ന് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
National
മുംബൈ: ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി യോഗേഷ് കദം. അന്വേഷണം ഇഴഞ്ഞുനീങ്ങിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
അപകടമരണം സംബന്ധിച്ച റിപ്പോർട്ട് തയാറാക്കിയശേഷമാണ് ഇത്തരം സംഭവങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുക. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല എന്ന മട്ടിലുള്ള തെറ്റായ സന്ദേശമാണ് പ്രചരിക്കുന്നതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
മഹാരാഷ്ട്ര പോലീസ് കേസ് രജിസ്റ്റർ ചെയ്യാത്തതിനാൽ കർണാടക പോലീസിനെ സമീപിക്കുമെന്ന് ശരദ് പവാർ വിഭാഗം എംഎൽഎ രോഹിത് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
National
മുംബൈ: യുവതിയെ പീഡിപ്പിച്ചകേസിൽ മഹാരാഷട്രയിലെ പ്രമുഖ ജ്യോത്സ്യൻ അറസ്റ്റിൽ. നാസിക് സ്വദേശി അശോക് ഖാരാത്തി (67) നെയാണ് 35 കാരിയുടെ പരാതിയിൽ പോലീസ് അറസ്റ്റ്ചെയ്തത്.
യുവതിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ കൂടുതൽ സ്ത്രീകളെ ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്തതിന്റെ തെളിവുകൾ ലഭിച്ചതായി പോലീസ് പറഞ്ഞു. ജ്യോത്സ്യനായ അശോക് ഖാരാത്ത് റിട്ട. മർച്ചന്റ് നേവി ഓഫീസറാണ്.
വിഐപി ജ്യോത്സ്യനായി അറിയപ്പെട്ടിരുന്ന പ്രതി ക്യാപ്റ്റൻ എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. സ്ത്രീകളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കാമെന്നായിരുന്നു പ്രതിയുടെ വാഗ്ദാനം. തുടർന്ന് സ്ത്രീകൾ പ്രശ്നപരിഹാരത്തിനായി വരുമ്പോൾ ലഹരിമരുന്ന് നൽകി ലൈംഗികമായി ഉപദ്രവിക്കുന്നതായിരുന്നു രീതി.
ഭർത്താവ് മരിക്കുമെന്നും മന്ത്രവാദംചെയ്ത്ത് അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയും ഇയാൾ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗംചെയ്തിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഓഫീസിനുള്ളിൽ ഒട്ടേറെ രഹസ്യ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നതായി കണ്ടെത്തി.
National
മുംബൈ: നിർബന്ധിത മതപരിവർത്തനങ്ങൾ തടയുന്നതിനായുള്ള 'ഫ്രീഡം ഓഫ് റിലീജിയൻ ബിൽ 2026'പാസാക്കി മഹാരാഷ്ട്ര നിയമസഭ. ഭീഷണിപ്പെടുത്തിയോ, പ്രലോഭനങ്ങളിലൂടെയോ, ചതിയിലൂടെയോ അല്ലെങ്കിൽ വിവാഹം വഴിയോ ഉള്ള മതപരിവർത്തനങ്ങൾ നിരോധിക്കുന്ന കർശനമായ വ്യവസ്ഥകളാണ് ബില്ലിലുള്ളത്.
വിവാഹ വാഗ്ദാനം നൽകിയോ വിവാഹത്തിന്റെ മറവിലോ നിയമവിരുദ്ധമായി മതപരിവർത്തനം നടത്തുന്നവർക്ക് ഏഴ് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും. പ്രായപൂർത്തിയാകാത്തവർ, മാനസികാസ്വാസ്ഥ്യമുള്ളവർ, സ്ത്രീകൾ, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ എന്നിവരെ മതപരിവർത്തനം നടത്തിയാൽ ഏഴ് വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
കൂട്ടത്തോടെയുള്ള മതപരിവർത്തനങ്ങൾക്കും ഏഴ് വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഒരേ കുറ്റം ആവർത്തിക്കുന്നവർക്ക് പത്ത് വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ലഭിക്കാം. മതപരിവർത്തനം സ്വന്തം ഇഷ്ടപ്രകാരവും സുതാര്യവുമാണെന്ന് ഉറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് ആഭ്യന്തര സഹമന്ത്രി പങ്കജ് ഭോയർ നിയമസഭയിൽ വ്യക്തമാക്കി.
National
മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരിയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ സ്ഫോടനത്തിൽ 11 തൊഴിലാളികൾക്കു പൊള്ളലേറ്റു.
മഹാരാഷ്ട്ര വ്യവസായ വികസന കോർപറേഷന്റെ ലോട്ടെ പരശുറാമിലെ ഡോ. ഖാൻ ഇൻഡട്രിയൽ കൺസൾട്ടന്റ്സിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം.
ഗുരുതരമായി പൊള്ളലേറ്റ നാലുപേരെ വിദഗ്ധചികിത്സയ്ക്കായി നവിമുംബൈയിലേക്കു കൊണ്ടുവന്നു.
Viral
മഹാരാഷ്ട്രയിലെ നാഗ്പുരിൽ നിന്നുണ്ടായ വേദനാജനകമായ ഈ വാർത്ത മനസാക്ഷിയുള്ള ആരെയും ഞെട്ടിക്കുന്നതാണ്. നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷം ഒരു കൊച്ചുബാലന്റെ ജീവിതത്തിൽ തീരാവേദനയായി മാറിയത് മുത്തശ്ശിയുടെ നിമിഷനേരത്തെ പ്രകോപനം മൂലമാണ്.
മാർച്ച് മൂന്നിന് കോരാടിയിലെ ആരാംഷിൻ മേഖലയിൽ നടന്ന ഈ ദാരുണമായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പുറംലോകം അറിഞ്ഞത്.
വീടിന് പുറത്ത് ആവേശത്തോടെ ഹോളി ആഘോഷിക്കുകയായിരുന്ന നാല് വയസുകാരനായ ഓം, കളിക്കിടയിൽ തന്റെ പക്കലുണ്ടായിരുന്ന സ്പ്രേ കുപ്പി ഉപയോഗിച്ച് മുത്തശ്ശി സിന്ധു താക്കറെയുടെ ദേഹത്തേക്ക് നിറം കലർന്ന വെള്ളം ഒഴിച്ചു.
ഈ സമയം മുത്തശ്ശി ഹോളി ആഘോഷത്തിന്റെ ഭാഗമായി കൂട്ടിയിട്ട തീക്കുണ്ഡത്തിന് മുകളിൽ ചൂടാക്കിയ വെള്ളം ബക്കറ്റിൽ എടുത്തു വരികയായിരുന്നു.
കുട്ടിയുടെ കളിചിരികൾ ആസ്വദിക്കുന്നതിന് പകരം, ദേഹത്ത് നിറം വീണതിൽ പ്രകോപിതയായ അവർ തന്റെ കയ്യിലുണ്ടായിരുന്ന തിളച്ച വെള്ളം കുഞ്ഞിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.
തിളച്ച വെള്ളം വീണ നിമിഷം തന്നെ കുട്ടി വേദനയാൽ പുളയുന്നതും ദൂരേക്ക് ഓടി മാറുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. നിലവിളി കേട്ട് ഓടിയെത്തിയ മറ്റൊരു സ്ത്രീ തണുത്ത വെള്ളമൊഴിച്ച് കുട്ടിയെ സഹായിക്കാൻ ശ്രമിച്ചു.
പിന്നീട് മുത്തശ്ശിയും കുട്ടിയെ ആശ്വസിപ്പിക്കാൻ എത്തിയെങ്കിലും അപ്പോഴേക്കും കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അരയ്ക്ക് താഴെയാണ് കുട്ടിയുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ പൊള്ളലേറ്റത്.
ഉടൻ തന്നെ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയുടെ ശരീരത്തിൽ 45 ശതമാനത്തോളം പൊള്ളലേറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംഭവത്തിൽ കേസെടുത്ത കോരാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആഘോഷം ദുരന്തമായി മാറിയ ഈ സംഭവം നാടിനെയാകെ നടുക്കിയിരിക്കുകയാണ്.
National
മുംബൈ: അഞ്ചുവർഷത്തിനിടെ മഹാരാഷ്ട്രയിൽ വന്യജീവി ആക്രമണത്തിൽ ജീവൻനഷ്ടമായത് 420 പേർക്ക്. ഇതിൽ 248 പേരുടെ മരണം കടുവയുടെ ആക്രമണത്തിലാണ്.
104 പേർ പുള്ളിപ്പുലിയുടെ ആക്രമണത്തിലും കൊല്ലപ്പെട്ടുവെന്ന് വനംമന്ത്രി ഗണേഷ് നായിക് നിയമസഭയിൽ അറിയിച്ചു. കഴിഞ്ഞവർഷം വിദർഭ മേഖലയിൽ മാത്രം വന്യജീവി ആക്രമണത്തിൽ 47 പേർ മരിച്ചു.
കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കു നഷ്ടപരിഹാരമായി 8.27 കോടിരൂപ വിതരണം ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി.
National
മുംബൈ: ബൈക്കിന്റെ നമ്പർ പ്ലേറ്റിന് കേടുപാട് വരുത്തിയെന്ന കാരണത്താൽ വിദ്യാർഥികളെയും സഹപ്രവർത്തകരെയും ക്രൂരമായി മർദിച്ച അധ്യാപകൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ലാത്തൂരിലെ അഹമ്മദ്പുരിന് സമീപമുള്ള ക്രൈസ്റ്റ് ഇന്റർനാഷണൽ സ്കൂളിലാണ് സംഭവം.
അധ്യാപകന്റെ ആക്രമണത്തിൽ 30ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റു. അധ്യാപകൻ ഉജ്വൽ സോണി ആണ് അറസ്റ്റിലായത്.
ആക്രമണത്തിന് പിന്നാലെ ഇയാളെ സ്കൂൾ പ്രിൻസിപ്പൽ സെബ നാദർ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും പോലീസിനു കൈമാറുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.
National
മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടി-നിസാംപുർ കോർപറേഷനിൽ കോൺഗ്രസിനു പിന്തുണയുമായി ഒന്പതു ബിജെപി കൗൺസിലർമാർ. 90 അംഗ കൗൺസിലിൽ ഇതോടെ കോൺഗ്രസിനു ഭൂരിപക്ഷമായി.
ഭീവണ്ടി സെക്കുലർ ഫ്രണ്ട് (ബിഎസ്എഫ്) എന്ന പേരിലാണ് ഒന്പതു ബിജെപി കൗൺസിലർമാർ പ്രത്യേക ഗ്രൂപ്പ് രൂപവത്കരിച്ചത്. 22 കൗൺസിലർമാരാണു ബിജെപിക്കുള്ളത്.
90 അംഗ കൗൺസിലിൽ കോൺഗ്രസിന് 30 അംഗങ്ങളുണ്ട്. ബിജെപി-11, ശിവസേന (ഷിൻഡെ)-12, എൻസിപി (എസ്പി)-12, സമാജ്വാദി പാർട്ടി-6, കൊണാർക് വികാസ് അഗാഡി (4), ഭീവണ്ടി വികാസ് അഗാഡി (3) എന്നിങ്ങനെയാണു മറ്റു പാർട്ടികളുടെ നില.
ഒരു സ്വതന്ത്രനും വിജയിച്ചിട്ടുണ്ട്. ശിവസേനയും(ഷിൻഡെ) ബിജെപിയും തമ്മിലുള്ള ഭിന്നതയ്ക്കിടെയാണ് ബിജെപിയിലെ ഒരു വിഭാഗം കോൺഗ്രസിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. ശിവസേനയെ പിന്തുണയ്ക്കാൻ സമാജ്വാദി പാർട്ടി തീരുമാനിച്ചിരുന്നു.
National
മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലെ സ്കൂളിൽ നിന്നും അമിതമായ അളവിൽ അയൺ ഗുളികകൾ കഴിച്ച 19 സ്കൂൾ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച
സാധാരണയായി സ്കൂളിൽ നിന്നും ആഴ്ചയിലൊന്നു വീതം വിദ്യാർഥികൾക്ക് അയൺ ഗുളികകൾ നൽകി വന്നിരുന്നു. എന്നാൽ അധ്യാപകർ ഇല്ലാതിരുന്നപ്പോഴാണ് ചില വിദ്യാർഥികൾ കൂടുതൽ അളവിൽ ഗുളികകൾ കഴിച്ചത്.
ഇതേ തുടർന്ന് സ്കൂളിലെ 19 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
16 വിദ്യാർഥികളുടെ നില തൃപ്തികരമാണെന്നും മൂന്ന് പേർ നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
National
മുംബൈ: മഹാരാഷ്ട്രയിൽ പരീക്ഷയ്ക്കിടെ വിദ്യാർഥികളെ കോപ്പിയടിക്കാൻ സഹായിച്ച് മാതാപിതാക്കളും ബന്ധുക്കളും. ബീഡ് ജില്ലയിലെ ചൗസലയിലുള്ള ഒരു ജൂനിയർ കോളജിലാണ് സംഭവം.
ഡ്രോൺ ഉപയോഗിച്ചാണ് തട്ടിപ്പ് പിടികൂടിയത്. ചൊവ്വാഴ്ച കോളജിൽ 12-ാം ക്ലാസ് വിദ്യാർഥികളുടെ ഇംഗ്ലീഷ് പരീക്ഷ നടന്നിരുന്നു. പരീക്ഷയ്ക്കിടെ മാതാപിതാക്കളും ബന്ധുക്കളും പരീക്ഷ ഹാളിന് സമീപത്തെ ജനലിലൂടെ വിദ്യാർഥികൾക്ക് ശരിയായ ഉത്തരം പേപ്പറിലൂടെ കൈമാറുകയായിരുന്നു.
തുറസായ സ്ഥലത്താണ് കോളജ് പ്രവർത്തിക്കുന്നത്. ഡ്രോൺ അടുക്കലേക്ക് വരുമ്പോൾ ജനാലകൾക്ക് സമീപം നിൽക്കുന്നവർ ഓടിപ്പോകുന്നത് കാണാം.
പരീക്ഷ തട്ടിപ്പ് നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പാണ് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.